HEADLINES
വാർത്തകൾ ലോഡ് ചെയ്യുന്നു...

Top News

അശ്വമേധം: ജില്ലയിൽ കുഷ്ഠരോഗ നിർണയ ഭവന സന്ദർശനത്തിന് നാളെ തുടക്കം

അശ്വമേധം: ജില്ലയിൽ കുഷ്ഠരോഗ നിർണയ ഭവന സന്ദർശനത്തിന് ഈ മാസം 7ന് തുടക്കം

മലപ്പുറം: സംസ്ഥാനത്ത് കുഷ്ഠരോഗം പൂർണ്ണമായി ഇല്ലാതാക്കുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പ് നടപ്പിലാക്കുന്ന 'അശ്വമേധം' കുഷ്ഠരോഗ നിർണ്ണയ ഭവന സന്ദർശന പരിപാടിക്ക് ജില്ലയിൽ നാളെ തുടക്കമാകും. 2026 ജനുവരി 7 മുതൽ 20 വരെയുള്ള രണ്ടാഴ്ച കാലമാണ് ജില്ലയിലെ വീടുകൾ തോറും ആരോഗ്യ സന്നദ്ധ പ്രവർത്തകർ സന്ദർശനം നടത്തുന്നത്.
രോഗം തുടക്കത്തിലേ കണ്ടെത്തി ചികിത്സ ഉറപ്പാക്കുക, രോഗവ്യാപനം തടയുക, സമൂഹത്തിൽ ബോധവൽക്കരണം വർദ്ധിപ്പിക്കുക എന്നിവയാണ് ഈ തീവ്രയജ്ഞത്തിലൂടെ ലക്ഷ്യമിടുന്നത്. കുഷ്ഠരോഗം പൂർണ്ണമായും സുഖപ്പെടുത്താവുന്നതാണെന്നും സമയബന്ധിതമായി ചികിത്സിച്ചാൽ വൈകല്യങ്ങൾ ഒഴിവാക്കാമെന്നും അധികൃതർ അറിയിച്ചു. ശരീരത്തിൽ നിറംമാറ്റം, ഉറച്ച ത്വക്ക് പാടുകൾ, സ്പർശനശേഷി കുറവ് തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ പരിശോധനയ്ക്ക് വിധേയരാകണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അഭ്യർത്ഥിച്ചു.
ജില്ലയിലെ ക്രമീകരണങ്ങൾ
 * ജില്ലയിലെ 1,08,232 വീടുകൾ സന്ദർശിച്ച് രണ്ട് വയസ്സിന് മുകളിൽ പ്രായമുള്ള 49,90,244 പേരെ പരിശോധിക്കുന്നതിനുള്ള വിപുലമായ സംവിധാനങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
 * 15 ആരോഗ്യ ബ്ലോക്കുകളുടെ നേതൃത്വത്തിൽ പരിശീലനം ലഭിച്ച 6,430 സന്നദ്ധ പ്രവർത്തകർ അടങ്ങുന്ന 3,215 ടീമുകൾ ഇതിനായി പ്രവർത്തിക്കും.
 * ഇവരുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ 643 സൂപ്പർവൈസർമാരെയും നിയോഗിച്ചിട്ടുണ്ട്.
 * നിലവിൽ ജില്ലയിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ 32 പേർ കുഷ്ഠരോഗത്തിന് ചികിത്സയിലുണ്ട്.
ജില്ലാതല ഉദ്ഘാടനം
പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജനുവരി 7-ന് രാവിലെ 11 മണിക്ക് മലപ്പുറം താലൂക്ക് ആസ്ഥാന ആശുപത്രിയിൽ വെച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി നിർവഹിക്കും.
പത്രസമ്മേളനത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. റ്റി.കെ. ജയന്തി, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ടി.എൻ. അനൂപ്, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. എ. ഷിബുലാൽ, ജില്ലാ എഡ്യുക്കേഷൻ ആന്റ് മീഡിയ ഓഫീസർ കെ.പി. സാദിഖ് അലി, അസിസ്റ്റന്റ് ലെപ്രസി ഓഫീസർ പി. രാജൻ എന്നിവർ പങ്കെടുത്തു.

Previous Post Next Post