പ്രതാപം വീണ്ടെടുക്കാൻ ‘കുമ്പളങ്ങ കോഡൂർ’; വിപണി കീഴടക്കാൻ കോഡൂർ കുമ്പളങ്ങ വീണ്ടുമെത്തുന്നു.
കോഡൂർ: ഒരുകാലത്ത് മലപ്പുറത്തിന്റെ കാർഷിക ഭൂപടത്തിൽ സുവർണ്ണ ചരിത്രമെഴുതിയ ‘കോഡൂർ കുമ്പളങ്ങ’ അതിന്റെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കുന്നു. റവന്യൂ രേഖകളിൽ പോലും ‘കുമ്പളം കോഡൂർ’ എന്ന് ഈ നാടിന് പേരുവരാൻ കാരണമായ സവിശേഷ ഇനം കുമ്പളങ്ങകളുടെ കൃഷി, ദശാബ്ദങ്ങളുടെ ഇടവേളയ്ക്ക് ശേഷം വിപുലമായ രീതിയിൽ പുനരുജ്ജീവിപ്പിക്കുകയാണ്. കോഡൂർ കൃഷിഭവന്റെയും പഞ്ചായത്തിന്റെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ നടക്കുന്ന ഈ സജീവ ഇടപെടൽ നാടിന്റെ കാർഷിക പാരമ്പര്യത്തിലേക്കുള്ള തിരിച്ചുപോക്കാവുകയാണ്.
ആഗ്ര പേഠയുടെ മധുരമുള്ള ചരിത്രം
1950-കൾ മുതൽ 80-കളുടെ തുടക്കം വരെ കോഡൂർ കുമ്പളങ്ങയുടെ സുവർണ്ണകാലമായിരുന്നു. സാധാരണ കുമ്പളങ്ങകളിൽ നിന്നും വ്യത്യസ്തമായി 20 കിലോയോളം ഭാരം വെക്കുന്ന വലിപ്പവും, മാസങ്ങളോളം കേടുപാടുകൂടാതെ സൂക്ഷിച്ചുവെക്കാവുന്ന സംഭരണ കാലാവധിയുമാണ് ഇതിനെ ജനപ്രിയമാക്കിയത്. കട്ടിമേറിയ കാമ്പും കൃത്യമായ ജലാംശവുമുള്ള കോഡൂർ കുമ്പളങ്ങയ്ക്ക് ഉത്തരേന്ത്യൻ വിപണിയിൽ വലിയ ഡിമാൻഡായിരുന്നു.
പ്രശസ്തമായ ‘ആഗ്ര പേഠ’ എന്ന മധുരപലഹാരത്തിന്റെ നിർമ്മാണത്തിന് ഏറ്റവും അനുയോജ്യം കോഡൂരിലെ കുമ്പളങ്ങയാണെന്ന് കണ്ടെത്തിയതോടെ വടക്കേന്ത്യൻ വ്യാപാരികൾ വലിയ ട്രക്കുകളുമായി കോഡൂരിലേക്ക് ഒഴുകിയെത്തിയിരുന്നു. സീസൺ ആയാൽ ടൺ കണക്കിന് കുമ്പളങ്ങയായിരുന്നു ഇവിടെ നിന്നും വടക്കൻ സംസ്ഥാനങ്ങളിലേക്ക് കയറ്റി അയച്ചിരുന്നത്. എന്നാൽ എൺപതുകളുടെ മധ്യത്തോടെ രാസവളങ്ങളുടെ അമിത ഉപയോഗം മൂലമുണ്ടായ ഗുണമേന്മക്കുറവും, ഗൾഫ് പ്രവാസത്തിന്റെ വരവോടെ കർഷകർ കൂട്ടത്തോടെ കൃഷി കൈവിട്ടതും ഈ കാർഷിക വിപ്ലവത്തിന് അന്ത്യം കുറിച്ചു. പരമ്പരാഗത വിത്തുകൾ പോലും നാട്ടിൽ നിന്നും അപ്രത്യക്ഷമായി.
അണിയറയിൽ ഒരുങ്ങുന്ന ജി.ഐ ടാഗ് (ഭൗമസൂചിക പദവി)
പൂർണ്ണമായും ഇല്ലാതായി എന്ന് കരുതിയ കോഡൂർ കുമ്പളങ്ങയെ, പഴയ കർഷകരിൽ നിന്നും ഏറെ പ്രയാസപ്പെട്ട് ശേഖരിച്ച പരമ്പരാഗത വിത്തുകൾ ഉപയോഗിച്ചാണ് ഇപ്പോൾ തിരികെ കൊണ്ടുവന്നിരിക്കുന്നത്. കുടുംബശ്രീ കൂട്ടായ്മകളുടെയും പ്രാദേശിക കർഷകരുടെയും പങ്കാളിത്തത്തോടെ പാടശേഖരങ്ങളിൽ വീണ്ടും കുമ്പളങ്ങ വിളഞ്ഞുതുടങ്ങിയിട്ടുണ്ട്.
കോഡൂരിന്റെ ഈ തനത് ഉൽപ്പന്നത്തിന് അന്താരാഷ്ട്ര തലത്തിൽ അംഗീകാരം നൽകുന്നതിനായി ഭൗമസൂചിക പദവി (Geographical Indication - GI Tag) നേടിയെടുക്കാനുള്ള ഔദ്യോഗിക ശ്രമങ്ങളും ഇപ്പോൾ അണിയറയിൽ സജീവമാണ്. ജി.ഐ ടാഗ് കൂടി ലഭിക്കുന്നതോടെ കോഡൂർ കുമ്പളങ്ങയ്ക്ക് ആഗോള വിപണിയിൽ വലിയ ബ്രാൻഡ് മൂല്യം കൈവരുമെന്നാണ് കാർഷിക വകുപ്പ് അധികൃതരും കർഷകരും പ്രതീക്ഷിക്കുന്നത്.