HEADLINES
വാർത്തകൾ ലോഡ് ചെയ്യുന്നു...

Top News

പ്രേംകുമാർ കോൺഗ്രസിലേക്ക്? 'ചർച്ചകൾ പലരുമായും നടക്കുന്നുണ്ട്'; സസ്പെൻസ് നിലനിർത്തി കെ.സി. വേണുഗോപാൽ എം.പി

തിരുവനന്തപുരം: നടനും ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായ പ്രേംകുമാർ കോൺഗ്രസിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾക്കിടെ പ്രതികരണവുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. പ്രേംകുമാറുമായി ചർച്ച നടത്തിയോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, താൻ ഒരുപാട് ആളുകളുമായി ചർച്ച നടത്താറുണ്ടെന്നും എന്നാൽ അതിന്റെ വിശദാംശങ്ങളെല്ലാം ഇപ്പോൾ വെളിപ്പെടുത്താൻ കഴിയില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.


സിപിഎമ്മിന്റെ ഇപ്പോഴത്തെ പോക്കിൽ കടുത്ത അതൃപ്തിയുള്ള ഒരു വലിയ വിഭാഗം കോൺഗ്രസിലേക്ക് വരാൻ താൽപ്പര്യം പ്രകടിപ്പിക്കുന്നുണ്ടെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു. ഇടതുപക്ഷത്തിന്റെ ധിക്കാരപരമായ രാഷ്ട്രീയത്തെ യഥാർത്ഥ കമ്മ്യൂണിസ്റ്റുകാർക്ക് പോലും അംഗീകരിക്കാൻ കഴിയില്ല. പാർട്ടിയുടെ നിലപാടുകളിൽ മനംമടുത്ത് കോൺഗ്രസിലേക്ക് വരാൻ ആഗ്രഹിക്കുന്നവരെ തടയില്ല. ആരോടും തങ്ങൾ 'നോ' പറയാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


ഇന്നലെ വരെ ഇടതുപക്ഷ ചിന്താഗതിക്കാരായിരുന്ന പലരും യുഡിഎഫിലേക്ക് വരാൻ ആഗ്രഹിക്കുന്നുണ്ടെന്നും അത്തരക്കാർ ഒന്നൊന്നായി വരും ദിവസങ്ങളിൽ വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ സർക്കാർ പഴയ നിലപാടിൽ ഉറച്ചുനിന്നാൽ ശക്തമായ പ്രതിരോധം നേരിടേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. നാട്ടിലെ ഭക്തജനങ്ങളെ കണ്ണീരണിയിച്ച സംഭവമായിരുന്നു ശബരിമലയിലെ യുവതീപ്രവേശനം. അത് ഭംഗിയായി പരിഹരിക്കാമായിരുന്നിട്ടും സർക്കാർ വിഷയം വഷളാക്കുകയാണ് ചെയ്തത്. ഇനിയും അത് തുടരാനാണ് ഭാവമെങ്കിൽ കോൺഗ്രസ് നോക്കി നിൽക്കില്ല എന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.

വിഷയം രാഷ്ട്രീയ നേട്ടത്തിനായി വീണ്ടും വഷളാക്കാൻ സർക്കാർ ശ്രമിച്ചാൽ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

Previous Post Next Post