യു.എ.ഇയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായി ചാര്‍ട്ടര്‍ വിമാനങ്ങളും പ്രത്യേക സര്‍വിസുകളും, ഈടാക്കുന്നത് വന്‍ നിരക്ക്; പ്രധാന എയര്‍ലൈനുകളുടെ സ്റ്റാറ്റസ്
ദുബൈ: സംഘര്‍ഷം നിലനില്‍ക്കുന്ന ഗള്‍ഫ് മേഖലയിലെ വ്യോമപാത നിയന്ത്രണങ്ങളെത്തുടര്‍ന്ന് യു.എ.ഇയില്‍ നിന്നുള്ള വിമാന സര്‍വിസുകള്‍ ഇപ്പോഴും ഭാഗികമായി തുടരുന്നു. നൂറുകണക്കിന് വിമാനങ്ങള്‍ റദ്ദാക്കപ്പെട്ടതോടെ നാട്ടിലേക്ക് മടങ്ങാന്‍ കഴിയാതെ പതിനായിരക്കണക്കിന് യാത്രക്കാരാണ് ദുരിതത്തിലായത്. ഈ സാഹചര്യത്തില്‍ വിനോദസഞ്ചാരികളെയും അടിയന്തരമായി യാത്ര ചെയ്യേണ്ടവരെയും സഹായിക്കാന്‍ ചാര്‍ട്ടര്‍ വിമാനങ്ങളും വിവിധ എയര്‍ലൈനുകളുടെ പ്രത്യേക സര്‍വിസുകളും ആരംഭിച്ചിട്ടുണ്ട്.
ചാര്‍ട്ടര്‍ വിമാനങ്ങള്‍ക്ക് വന്‍ ഡിമാന്‍ഡ്
വിമാനങ്ങള്‍ റദ്ദാക്കിയതോടെ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് മടങ്ങാന്‍ ചാര്‍ട്ടര്‍ വിമാനങ്ങളെ ആശ്രയിക്കുന്നവരുടെ എണ്ണം വര്‍ധിച്ചു. ഫുജൈറ, റസല്‍ഖൈമ വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചാണ് നിലവില്‍ ചാര്‍ട്ടര്‍ സര്‍വീസുകള്‍ പ്രധാനമായും നടക്കുന്നത്.
ഇന്ത്യയിലേക്കുള്ള വണ്‍വേ ടിക്കറ്റുകള്‍ക്ക് 2,500 ദിര്‍ഹം മുതലാണ് നിരക്ക് ആരംഭിക്കുന്നത്. എന്നാല്‍ ഡിമാന്‍ഡ് വര്‍ധിച്ചതോടെ പലയിടത്തും 3,000 ദിര്‍ഹം വരെ ഈടാക്കുന്നുണ്ട്. സ്വകാര്യ ജെറ്റുകളില്‍ ഒരു സീറ്റിന് 7,000 ദിര്‍ഹം (1.75 ലക്ഷം രൂപ) വരെയാണ് ഈടാക്കുന്നത്.
നിലവില്‍ യു.എ.ഇ സുരക്ഷിതമാണെന്നും പേടിച്ച് നാട്ടിലേക്ക് മടങ്ങേണ്ട സാഹചര്യമില്ലെന്നും ട്രാവല്‍ ഏജന്‍സികള്‍ വ്യക്തമാക്കുന്നു. അടിയന്തരമായി പോകേണ്ടവര്‍ മാത്രം ഉയര്‍ന്ന തുക നല്‍കി യാത്ര ചെയ്താല്‍ മതിയാകും. വരും ദിവസങ്ങളില്‍ വ്യോമപാത പൂര്‍ണ്ണമായി തുറക്കുന്നതോടെ നിരക്കുകള്‍ കുറയുമെന്നാണ് പ്രതീക്ഷ.
പ്രധാന എയര്‍ലൈനുകളുടെ നിലവിലെ സാഹചര്യം
യുഎഇയിലെ പ്രമുഖ വിമാനക്കമ്പനികള്‍ പരിമിതമായ തോതില്‍ മാത്രമാണ് നിലവില്‍ സര്‍വീസ് നടത്തുന്നത്:
* എമിറേറ്റ്‌സ്: ദുബൈയില്‍ നിന്നുള്ള ഷെഡ്യൂള്‍ ചെയ്ത വിമാനങ്ങള്‍ മാര്‍ച്ച് 7 രാത്രി 11:59 വരെ നിര്‍ത്തിവെച്ചു. എങ്കിലും മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്കായി പരിമിതമായ സര്‍വീസുകള്‍ നടത്തുന്നുണ്ട്. സ്ഥിരീകരിച്ച ബുക്കിംഗ് ഉള്ളവര്‍ മാത്രം വിമാനത്താവളത്തില്‍ എത്തുക.
* ഇത്തിഹാദ് എയര്‍വേയ്‌സ്: അബുദാബിയില്‍ നിന്നുള്ള വാണിജ്യ സര്‍വീസുകള്‍ മാര്‍ച്ച് 5 ഉച്ചയ്ക്ക് 2 മണി വരെ നിര്‍ത്തിവെച്ചു. കാര്‍ഗോ, പ്രത്യേക റിപാട്രിയേഷന്‍ വിമാനങ്ങള്‍ അധികൃതരുടെ അനുമതിയോടെ സര്‍വീസ് നടത്തുന്നുണ്ട്.
* ഫ്‌ലൈ ദുബൈ: ദുബൈ ടെര്‍മിനല്‍ 2, 3 എന്നിവിടങ്ങളില്‍ നിന്ന് സര്‍വീസുകള്‍ ഭാഗികമായി പുനരാരംഭിച്ചു. 72 മണിക്കൂറിനുള്ളില്‍ യാത്ര ചെയ്യേണ്ടവര്‍ക്ക് 20 ദിവസത്തിനുള്ളിലെ മറ്റൊരു തീയതിയിലേക്ക് സൗജന്യമായി ടിക്കറ്റ് മാറ്റാം.
* എയര്‍ അറേബ്യ: ഷാര്‍ജയില്‍ നിന്നുള്ള വിമാനങ്ങള്‍ മാര്‍ച്ച് 9 ഉച്ചയ്ക്ക് 3 മണി വരെ നിര്‍ത്തിവെച്ചു. എങ്കിലും ചില പ്രത്യേക സര്‍വീസുകള്‍ നടത്തുന്നുണ്ട്.
ഇന്ത്യന്‍ വിമാനക്കമ്പനികളുടെ പ്രത്യേക സര്‍വീസുകള്‍
നാട്ടിലേക്ക് മടങ്ങാന്‍ കാത്തിരിക്കുന്ന ഇന്ത്യക്കാര്‍ക്ക് ആശ്വാസമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ്, ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ്, ആകാശ എയര്‍ എന്നിവ പ്രത്യേക സര്‍വീസുകള്‍ പ്രഖ്യാപിച്ചു.
* എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ്: മാര്‍ച്ച് 5 മുതല്‍ 7 വരെ റസല്‍ഖൈമയില്‍ നിന്ന് ഡല്‍ഹി, കൊച്ചി, മുംബൈ എന്നിവിടങ്ങളിലേക്ക് പ്രത്യേക വിമാനങ്ങള്‍ സര്‍വീസ് നടത്തും.
* ഇന്‍ഡിഗോ: യു.എ ഇയിലേക്കും തിരിച്ചും കൂടുതല്‍ റിപാട്രിയേഷന്‍ വിമാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ ശ്രമിക്കുന്നതായി ഇന്‍ഡിഗോ അറിയിച്ചു.
* യു.എ.ഇയിലെ വിമാനത്താവളങ്ങളില്‍ കുടുങ്ങിയ യാത്രക്കാര്‍ക്കായി ഷാര്‍ജയില്‍ നിന്ന് മസ്‌കറ്റിലേക്ക് ബസ് മാര്‍ഗ്ഗം യാത്രയൊരുക്കി ഒമാന്‍ ആസ്ഥാനമായുള്ള വിമാനക്കമ്പനികളും രംഗത്തുണ്ട്. വിമാനങ്ങള്‍ ലഭ്യമാകുന്ന മുറയ്ക്ക് മുന്‍ഗണനാക്രമത്തിലായിരിക്കും യാത്രക്കാരെ കൊണ്ടുപോവുക. യാത്ര പുറപ്പെടുന്നതിന് മുന്‍പ് വിമാനക്കമ്പനികളില്‍ നിന്ന് നേരിട്ട് സ്ഥിരീകരണം ലഭിച്ചാല്‍ മാത്രം വിമാനത്താവളങ്ങളിലേക്ക് വരാന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചു.