ബെംഗളൂരു: (ഒക്ടോബർ 31) ഒളിമ്പിക്‌സിൽ മെഡൽ നേടുന്ന ആദ്യത്തെ മലയാളി കായികതാരം എന്ന ചരിത്രനേട്ടം കൈവരിച്ച ഹോക്കി ഇതിഹാസം മാനുവൽ ഫ്രെഡറിക് (78) അന്തരിച്ചു. ബെംഗളൂരുവിൽ വെച്ച് ഇന്ന് (വെള്ളിയാഴ്ച) രാവിലെയായിരുന്നു അന്ത്യം.
വെങ്കലത്തിളക്കം:
1972-ലെ മ്യൂണിക് ഒളിമ്പിക്‌സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമിൻ്റെ ഗോൾകീപ്പറായിരുന്നു കണ്ണൂരുകാരനായ മാനുവൽ ഫ്രെഡറിക്. പ്രതിരോധത്തിലെ അദ്ദേഹത്തിൻ്റെ മികച്ച പ്രകടനം ഇന്ത്യയുടെ മെഡൽ നേട്ടത്തിൽ നിർണായകമായി. 1971 മുതൽ 1978 വരെ ഇന്ത്യൻ ഹോക്കി ടീമിലെ സ്ഥിരം സാന്നിധ്യമായിരുന്നു അദ്ദേഹം.
ദേശീയ ഹോക്കിയിലെ പ്രമുഖൻ:
ഒളിമ്പിക്സ് കൂടാതെ 1973-ലെ ഹോളണ്ട് ലോകകപ്പിലും 1978-ലെ അർജൻ്റീന ലോകകപ്പിലും മാനുവൽ രാജ്യത്തിനായി ഗോൾവല കാത്തു.
കണ്ണൂർ ബർണശ്ശേരിയിൽ 1947 ഒക്ടോബർ 20-നാണ് മാനുവൽ ഫ്രെഡറിക് ജനിച്ചത്. ഫുട്‌ബോളിൽ നിന്ന് ഹോക്കിയിലേക്ക് തിരിഞ്ഞ അദ്ദേഹം 15-ാം വയസ്സിൽ ആർമിയിൽ ചേർന്ന ശേഷമാണ് ദേശീയ തലത്തിലേക്ക് ഉയർന്ന് വന്നത്.