മങ്കട ഉപജില്ലാ സ്കൂൾ കലോത്സവം - ഒരുക്കങ്ങൾ പൂർത്തിയായി
പാങ്ങ്: 34 മത് മങ്കട ഉപജില്ല സ്കൂൾ കലോത്സവത്തിന് പാങ്ങ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ (നവംബർ 1 ശനി) തിരി തെളിയും. മേള വൈകിട്ട് 4 മണിക്ക് മങ്കട നിയോജകമണ്ഡലം എം എൽ എ മഞ്ഞളാംകുഴി അലി ഉദ്ഘാടനം ചെയ്യും. കുറുവ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നസീറ മോൾ അധ്യക്ഷത വഹിക്കും. മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം കെ റഫീഖ മുഖ്യാതിഥിയാകും. പ്രശസ്ത ഗായകൻ ശ്രീജിത്ത് ശ്രീധർ പങ്കെടുക്കും.
26 വേദികളിലായി നാലു ദിവസം നീണ്ടുനിൽക്കുന്ന ഈ മേളയിൽ എൽപി, യുപി, ഹൈസ്കൂൾ, ഹയർ സെക്കൻ്ററി വിഭാഗങ്ങളിലെ 102 സ്കൂളുകളിൽ നിന്നുള്ള ആറായിരത്തോളം കുട്ടികൾ മാറ്റുരക്കും. മേളയുടെ ഭാഗമായി അറബിക് കലാമേളയും, സംസ്കൃതോത്സവവും നടക്കും. മേളയിൽ പങ്കെടുക്കുന്നവർക്ക് ഭക്ഷണം നൽകുന്നതിനായി ഒരേ സമയം 600 പേർക്ക് ഇരിക്കാവുന്ന ഭക്ഷണ ഹാളും സജ്ജീകരിച്ചിട്ടുണ്ട്. മേള നവംബർ അഞ്ചിന് സമാപിക്കും.
മേളയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സ്വാഗതസംഘം ചെയർമാൻ കുറുവ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നസീറ മോൾ, ജനറൽ കൺവീനറും സ്കൂൾ പ്രിൻസിപ്പലുമായ ഡോ. നൗഷാദ് അലി, ട്രഷറർ മങ്കട എ. ഇ. ഒ അമീറ എം എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. വാർഡ് മെമ്പർ ശിഹാബ് പൂഴിത്തറ, വൈസ് പ്രിൻസിപ്പാൾ പ്രീതി ജോസഫ്, പി നജീബ് (HM ഫോറം കൺവീനർ), ആരിഫ് കൂട്ടിൽ ( ക്യു.ഐ.പി കോഡിനേറ്റർ), എസ് എം സി ചെയർമാൻ നജ്മുദ്ധീൻ, പി ടി എ പ്രസിഡന്റ് വി.കെ വേലിക്കുട്ടി , പ്രോഗ്രാം കൺവീനർ ശ്രീജ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു. പബ്ലിസിറ്റി കൺവീനർ കെ എം ജമീല സ്വാഗതവും എം നൗഷാദ് മേൽമുറി നന്ദിയും പറഞ്ഞു.