റിയാദ്: മൂന്ന് വയസ്സുകാരൻ കുട്ടിയുടെ വയറ്റിൽ നിന്ന് 49 കാന്തങ്ങൾ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിലെ ഒരു പ്രമുഖ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്.
കുട്ടിക്ക് വയറുവേദന, ഛർദ്ദി, വിശപ്പില്ലായ്മ തുടങ്ങിയ ബുദ്ധിമുട്ടുകൾ ഉണ്ടായതിനെ തുടർന്നാണ് മാതാപിതാക്കൾ ആശുപത്രിയിൽ എത്തിച്ചത്. കുട്ടിയെ പരിശോധിച്ച ഡോക്ടർമാർ എക്സ്-റേ എടുത്തപ്പോഴാണ് ഞെട്ടിക്കുന്ന കാഴ്ച്ച കണ്ടത്. കുട്ടിയുടെ വയറ്റിനുള്ളിൽ ഒട്ടേറെ വിദേശ വസ്തുക്കൾ ഒട്ടിപ്പിടിച്ച നിലയിൽ കാണപ്പെടുകയായിരുന്നു.
പരിശോധനയിൽ ഇവ കാന്തങ്ങളാണെന്ന് തിരിച്ചറിഞ്ഞു. ശേഷം, കുട്ടിയെ അടിയന്തരമായി ശസ്ത്രക്രിയക്ക് വിധേയനാക്കി. ഡോക്ടർമാർ എൻഡോസ്കോപ്പി വഴി 49 കാന്തങ്ങളാണ് കുട്ടിയുടെ വയറ്റിൽ നിന്ന് നീക്കം ചെയ്തത്. ഇത് കുട്ടിയുടെ ജീവൻ രക്ഷിച്ചു.
കാന്തങ്ങൾ കുടലിലും വയറ്റിലും ഗുരുതരമായ തടസ്സങ്ങൾ സൃഷ്ടിച്ചിരുന്നു. കാന്തങ്ങൾ വേഗത്തിൽ നീക്കം ചെയ്തില്ലെങ്കിൽ കുട്ടിയുടെ കുടലിന് വലിയ കേടുപാടുകൾ സംഭവിക്കുകയും ജീവൻ വരെ നഷ്ടപ്പെടുകയും ചെയ്യുമായിരുന്നുവെന്ന് ഡോക്ടർമാർ അറിയിച്ചു.
കുട്ടി ഇപ്പോൾ സുഖം പ്രാപിച്ച് വരുന്നു. കുട്ടികൾക്ക് കളിക്കാൻ നൽകുന്ന കളിപ്പാട്ടങ്ങളെക്കുറിച്ച് രക്ഷിതാക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
3 വയസ്സുകാരന്റെ വയറ്റിൽ നിന്ന് 49 കാന്തങ്ങൾ നീക്കം ചെയ്തു