കണ്ണൂരില്‍ റീൽസ് ചിത്രീകരിക്കാനായി റെഡ് ലൈറ്റ് തെളിയിച്ച് ട്രെയിൻ നിർത്തിച്ചു; പ്ലസ് ടു വിദ്യാർത്ഥികൾ പിടിയിൽ
കണ്ണൂര്‍ : തലശേരിയില്‍ റീല്‍സ് ചിത്രീകരിക്കാന്‍ റെഡ് ലൈറ്റ് തെളിച്ച് ട്രെയിന്‍ നിര്‍ത്തിച്ചു. സംഭവത്തില്‍ രണ്ടു പ്ലസ്ടു വിദ്യാര്‍ഥികള്‍ക്ക് എതിരെ റെയില്‍വേ പൊലീസ് കേസ് എടുത്തു.
എറണാകുളം-പൂനെ എക്‌സ്പ്രസ് ആണ് നിര്‍ത്തിച്ചത്. രണ്ട് പേരെയും റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലര്‍ച്ചെ 1.50 നാണ് സംഭവം.
തലശേരി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ട്രെയിന്‍ എടുത്തതിന് പിന്നാലെയാണ് സംഭവം. റീല്‍സ് ചിത്രീകരിക്കാൻ ഉപയോഗിക്കുന്ന പ്രത്യക തരം ചുവന്ന ലൈറ്റ് അടിക്കുകയായിരുന്നെന്ന് റെയില്‍വേ പൊലീസ് അറിയിച്ചു.
പത്ത് മിനിറ്റോളം നേരം ലൈറ്റ് തെളിയിച്ചതിനെ തുടര്‍ന്ന് ട്രെയിന്‍ നിര്‍ത്തിയിട്ടു. ലോക്കോ പൈലറ്റ് റെയില്‍വേ പൊലിസിനെ അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് റീല്‍സ് ചിത്രീകരണത്തിനാണ് ലൈറ്റ് അടിച്ചതെന്ന് മനസിലാക്കിയത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രണ്ട് വിദ്യാര്‍ഥികളെ പിടികൂടി. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. റീല്‍സ് ചിത്രീകരിച്ചതിന്റെ ദൃശ്യങ്ങളും റെയില്‍വേ പൊലീസ് പിടിച്ചെടുത്തു.