സിവിൽ സ്റ്റേഷൻ ജീവനക്കാർക്കായി വ്യായാമ പരിശീലനം; ജില്ലാതല ഉദ്ഘാടനം നാളെ മലപ്പുറത്ത്
മലപ്പുറം: സർക്കാർ ജീവനക്കാരുടെ ശാരീരിക-മാനസികാരോഗ്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആരോഗ്യവകുപ്പ് നടപ്പിലാക്കുന്ന 'വൈബ് 4 വെൽനസ്' (VIBE 4 WELLNESS) പദ്ധതിയുടെ ഭാഗമായി ഓഫീസ് ജീവനക്കാർക്കുള്ള വ്യായാമ പരിശീലന പരിപാടിക്ക് ജില്ലയിൽ തുടക്കമാകുന്നു. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം 2026 ജനുവരി 1 വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30-ന് മലപ്പുറം കളക്ടറേറ്റ് കോമ്പൗണ്ടിൽ വെച്ച് നടക്കും.
മലപ്പുറം ജില്ലാ കളക്ടർ ശ്രീ. വി. ആർ വിനോദ് ഐ.എ.എസ് പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിക്കും. ജില്ലാ ഭരണകൂടം, ആരോഗ്യ വകുപ്പ്, നാഷണൽ ഹെൽത്ത് മിഷൻ (ആരോഗ്യകേരളം മലപ്പുറം) എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
'ആരോഗ്യം ആനന്ദം' എന്ന സന്ദേശമുയർത്തി നടപ്പിലാക്കുന്ന ഈ പദ്ധതിയിൽ 'ഭക്ഷണം, പ്രവർത്തനം, ഉറക്കം, പരിചരണം' (Eat, Act, Sleep, Care) എന്നീ നാല് പ്രധാന സ്തംഭങ്ങൾക്കാണ് ഊന്നൽ നൽകുന്നത്. ജോലിത്തിരക്കിനിടയിൽ ജീവനക്കാർക്ക് ലളിതമായ വ്യായാമമുറകൾ ശീലമാക്കാനും അതുവഴി ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കാനുമാണ് ഈ പരിശീലനം കൊണ്ട് ലക്ഷ്യമിടുന്നത്.