കോഡൂർ: ജലജീവൻ പദ്ധതിയുടെ പൈപ്പിടലിനായി വെട്ടിപ്പൊളിച്ച കാച്ചടിപ്പറമ്പ് വാർഡിലെ റോഡുകൾ അടിയന്തരമായി പുനർനിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം. കാച്ചടിപ്പറമ്പ് വാർഡ് മെമ്പറും കോഡൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ജുമൈല വരിക്കോടൻ, പഞ്ചായത്ത് പ്രസിഡന്റ് സി.പി ഷാജിക്ക് ഇത് സംബന്ധിച്ച് നിവേദനം നൽകി.
വരിക്കോട് - പള്ളിപ്പടി, കാലംപറമ്പ് - പൈങ്ങാറപ്പടി എന്നീ പ്രധാന റോഡുകളാണ് പദ്ധതിയുടെ ഭാഗമായി നിലവിൽ തകർന്നു കിടക്കുന്നത്. മാസങ്ങളായി റോഡുകൾ സഞ്ചാരയോഗ്യമല്ലാത്തതിനാൽ ഈ ഭാഗത്തെ കുടുംബങ്ങളും വാഹനയാത്രക്കാരും വലിയ ദുരിതത്തിലാണ്.
മഴക്കാലം ആരംഭിക്കുന്നതിന് മുൻപ് തന്നെ പ്രവൃത്തികൾ പൂർത്തിയാക്കി ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. പരാതി ഗൗരവമായി പരിഗണിക്കുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി സംസാരിച്ച് വേഗത്തിൽ പരിഹാരം കാണുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ഉറപ്പുനൽകി.
തകർന്ന റോഡുകൾ അടിയന്തരമായി നവീകരിക്കണം: പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നൽകി