തിരുവല്ല: പത്തനംതിട്ട ജില്ലയിലെ തിരുവല്ലയ്ക്ക് സമീപം കുറ്റൂരിൽ നവജാതശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കുറ്റൂർ - മനക്കച്ചിറ റോഡിൽ റെയിൽവേ അടിപ്പാതയ്ക്കടുത്തുള്ള തട്ടുകടയിലാണ് ഇന്ന് പുലർച്ചെ നാല് മണിയോടെ കുഞ്ഞിനെ കണ്ടെത്തിയത്.
കടയുടമയായ ജയരാജൻ പുലർച്ചെ കട തുറക്കാനെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. കടയിലെ ലൈറ്റുകൾ തെളിച്ചപ്പോൾ കുഞ്ഞിന്റെ കരച്ചിൽ കേൾക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഉടൻ തന്നെ ജയരാജൻ തന്റെ കൊച്ചുമകനെ വിവരമറിയിക്കുകയും തുടർന്ന് പൊലീസിൽ വിവരം കൈമാറുകയും ചെയ്തു.
പുലർച്ചെയിലെ കഠിനമായ തണുപ്പിൽ വിറയ്ക്കുന്ന നിലയിലായിരുന്നു കുഞ്ഞെന്ന് ജയരാജന്റെ ഭാര്യ ഇന്ദു പറഞ്ഞു. ഉടൻ തന്നെ തുണികൾ ഉപയോഗിച്ച് കുഞ്ഞിനെ പുതപ്പിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ തിരുവല്ല പൊലീസ് ആംബുലൻസ് മുഖേന കുഞ്ഞിനെ തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
സംഭവത്തിൽ തിരുവല്ല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുഞ്ഞിനെ ഉപേക്ഷിച്ചവരെ കണ്ടെത്താനായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.
തിരുവല്ലയിൽ നവജാതശിശുവിനെ തട്ടുകടയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി