വെട്ടിച്ചിറയിൽ ഈ മാസം 30 മുതൽ ടോൾ പിരിവ് ആരംഭിക്കുന്നു; പ്രാദേശിക നിവാസികൾക്ക് ഇളവ്
വെട്ടിച്ചിറ: ദേശീയപാത 66-ന്റെ ഭാഗമായ വെട്ടിച്ചിറയിൽ ഈ മാസം 30 മുതൽ ടോൾ പിരിവ് ആരംഭിക്കാൻ ദേശീയപാത അതോറിറ്റി തീരുമാനിച്ചു. ടോൾ പ്ലാസയുടെ 20 കിലോമീറ്റർ പരിധിയിൽ താമസിക്കുന്നവർക്ക് നിരക്കിൽ പ്രത്യേക ഇളവ് അനുവദിക്കും.
പ്രാദേശിക നിവാസികൾക്ക് മാസം എത്ര തവണ വേണമെങ്കിലും യാത്ര ചെയ്യാവുന്ന പാസ് സൗകര്യം ലഭ്യമാണ്. പ്രതിമാസം 340 രൂപയായിരിക്കും പാസ് നിരക്കെന്നാണ് സൂചന. ഇത് സംബന്ധിച്ച അന്തിമ തീരുമാനം 30-നുള്ളിൽ ഉണ്ടാകും. ഇളവ് ആവശ്യമുള്ള യാത്രക്കാർ ആധാർ കാർഡുമായി ടോൾ പ്ലാസയിലെത്തി പാസ് കൈപ്പറ്റേണ്ടതാണ്.
പ്രതീക്ഷിക്കുന്ന നിരക്കുകൾ:
കാർ, ജീപ്പ്, വാൻ, മറ്റ് ലഘുവാഹനങ്ങൾ എന്നിവയ്ക്ക് ഒരു വശത്തേക്ക് ഏകദേശം 130 രൂപയായിരിക്കും നിരക്ക്. 24 മണിക്കൂറിനുള്ളിൽ രണ്ടുതവണ പാതയിലൂടെ യാത്ര ചെയ്യുന്നവർക്ക് രണ്ടാമത്തെ യാത്രയ്ക്ക് ടോൾ തുകയുടെ പകുതി നൽകിയാൽ മതിയാകും. വാണിജ്യ വാഹനങ്ങളുടെയും മറ്റ് വലിയ വാഹനങ്ങളുടെയും വിശദമായ നിരക്ക് പട്ടിക വൈകാതെ പുറത്തുവിടുമെന്ന് അധികൃതർ അറിയിച്ചു.