ജപ്പാൻ ജ്വരം: പ്രതിരോധിക്കാൻ വാക്സിനേഷൻ ഏക പോംവഴി; ജില്ലാതല ഉദ്ഘാടനം നടത്തി
മലപ്പുറം: രോഗരഹിത സമൂഹത്തിന് വാക്സിനുകൾ അനിവാര്യമാണെന്നും ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ഈ ആരോഗ്യസുരക്ഷാ മാർഗ്ഗം കുട്ടികൾക്ക് നൽകാൻ രക്ഷിതാക്കൾ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും ജില്ലാ പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. അസ് ലു പറഞ്ഞു. ജാപ്പനീസ് എൻസഫലൈറ്റിസ് (ജപ്പാൻ ജ്വരം) വാക്സിനേഷന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊതുകുകൾ വഴി പകരുന്നതും തലച്ചോറിനെ ബാധിക്കുന്നതുമായ ഗുരുതര വൈറസ് രോഗമാണ് ജപ്പാനീസ് എൻസഫലൈറ്റിസ്. കുട്ടികളെയാണ് ഈ രോഗം പ്രധാനമായും ബാധിക്കുന്നത്. രോഗം ബാധിക്കുന്നവരിൽ 30 ശതമാനം പേർ മരണപ്പെടാനും 50 ശതമാനം പേർക്ക് ശാരീരിക വൈകല്യങ്ങൾ സംഭവിക്കാനും സാധ്യതയുണ്ട്. കൃത്യമായ ചികിത്സയില്ലാത്ത ഈ രോഗത്തെ പ്രതിരോധിക്കാൻ സുരക്ഷിതവും ഫലപ്രദവുമായ ഏക മാർഗ്ഗം വാക്സിനേഷൻ മാത്രമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
കെ.എം.ജി.യു പി സ്കൂളിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ആർ. ഗായത്രി അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ടി. കെ. ജയന്തി മുഖ്യപ്രഭാഷണം നടത്തുകയും ജില്ലാ സർവ്വയലൻസ് ഓഫീസർ ഡോ. സി. ഷുബിൻ വിഷയാവതരണം നടത്തുകയും ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി. വിമൽ, ഗ്രാമപഞ്ചായത്തംഗം പി.വി. ശ്രീനിവാസൻ, ജില്ലാ ആർ.സി.എച്ച് ഓഫീസർ ഡോ. എൻ.എൻ. പമീലി, ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. ഷാജി അറക്കൽ, ജില്ലാ എഡ്യുക്കേഷൻ മീഡിയ ഓഫീസർ കെ.പി. സാദിഖ് അലി, പി.ടി.എ പ്രസിഡന്റ് ടി.എം. പരമേശ്വരൻ, പ്രധാനധ്യാപിക എസ്. ബിന്ദു തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. ഫീൽഡ് സൂപ്പർവൈസർമാരായ കെ.എം. ശ്രീജിത്, കെ. ശ്യാമള, രാജേഷ് പ്രശാന്തിയിൽ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.
ഉദ്ഘാടനത്തോടനുബന്ധിച്ച് തവനൂർ ടൗണിൽ ബോധവൽക്കരണ റാലിയും സിനിമാ താരം റാഫി ഇടവേളയുടെ കലാവിരുന്നും സംഘടിപ്പിച്ചു.