അച്ഛന്റെ അതേ വഴിയിൽ, അതേ സീറ്റിൽ; ഓർമ്മകളുടെ കരുത്തിൽ ഔദ്യോഗിക വാഹനമേറി അഡ്വ. എ.പി. സ്മിജി
മലപ്പുറം: കാലം മാറി, പക്ഷേ ആ കാറും അതിനുള്ളിലെ സ്മരണകളും മാറ്റമില്ലാതെ തുടരുന്നു. മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായി ചുമതലയേറ്റ അഡ്വ. എ.പി. സ്മിജി തന്റെ ഔദ്യോഗിക വാഹനത്തിൽ ആദ്യ യാത്ര നടത്തിയത് അച്ഛൻ എ.പി. ഉണ്ണികൃഷ്ണന്റെ വികാരാധീനമായ ഓർമ്മകളെ സാക്ഷി നിർത്തിയാണ്.
"അന്ന് അച്ഛൻ; ഇന്ന് ഞാൻ. മാറ്റമില്ലാത്തത് ഈ കാറിനും ഇതിനുള്ളിലെ അച്ഛന്റെ ഓർമ്മകൾക്കും മാത്രം," എന്ന് തുടങ്ങുന്ന സ്മിജിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് ഇതിനോടകം സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിക്കഴിഞ്ഞു.
അച്ഛന്റെ വിരൽത്തുമ്പിൽ പിടിച്ച് ഒരു യാത്ര
2015-ൽ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന എ.പി. ഉണ്ണികൃഷ്ണൻ ഉപയോഗിച്ചിരുന്ന അതേ വാഹനമാണ് വർഷങ്ങൾക്കിപ്പുറം മകൾ സ്മിജിയും ഔദ്യോഗിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത്.
"വർഷങ്ങൾക്കു മുൻപ്, മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ മുറ്റത്ത് അച്ഛൻ ഈ കാറിൽ വന്നിറങ്ങുമ്പോൾ ആ മുഖത്തുണ്ടായിരുന്ന പുഞ്ചിരിയും നാടിനോടുള്ള കരുതലും ഇന്നും എന്റെ മനസ്സിലുണ്ട്. 2015-ൽ അച്ഛൻ സഞ്ചരിച്ച അതേ വഴിയിലൂടെ, അതേ സീറ്റിലിരുന്ന് ഇന്ന് ഞാൻ യാത്ര ചെയ്യുമ്പോൾ, അത് വെറുമൊരു യാത്രയല്ല; അച്ഛന്റെ വിരൽത്തുമ്പിൽ പിടിച്ച് നടക്കുന്നത് പോലെയാണ് എനിക്ക് തോന്നുന്നത്," - സ്മിജി ഫെയിസ്ബൂക്കിൽ കുറിച്ചു.
നന്ദിയോടെ ജനങ്ങളോടും പ്രസ്ഥാനത്തോടും
ഔദ്യോഗിക വാഹനം ഏറ്റുവാങ്ങിയ വേളയിൽ തന്റെ വിജയത്തിന് പിന്നിൽ നിന്നവരെയെല്ലാം സ്മിജി നന്ദിയോടെ സ്മരിച്ചു. തന്നെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ച വോട്ടർമാർക്കും, സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച പാണക്കാട് തങ്ങൾ കുടുംബത്തിനും, പി.കെ. കുഞ്ഞാലിക്കുട്ടി സാഹിബിനും, മുസ്‌ലിം ലീഗ് പ്രസ്ഥാനത്തിനും സഹപ്രവർത്തകർക്കും സ്മിജി തന്റെ കുറിപ്പിലൂടെ കടപ്പാട് അറിയിച്ചു.
അച്ഛന്റെ കാൽപ്പാടുകൾ പിന്തുടർന്ന് നാടിന്റെ വികസനത്തിനായി മുന്നിട്ടിറങ്ങുമെന്ന ഉറച്ച പ്രഖ്യാപനവുമായാണ് അഡ്വ. എ.പി. സ്മിജി തന്റെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിലേക്ക് പ്രവേശിക്കുന്നത്.