ദേശീയ വിരവിമുക്ത ദിനം ജില്ലാതല ഉദ്ഘാടനം സബ്കലക്ടർ ദിലീപ് കൈനിക്കര നിർവഹിച്ചു.
മലപ്പുറം: ആരോഗ്യവകുപ്പ് മലപ്പുറം സെന്റ്.ജെമ്മാസ് ഹയർ സെക്കന്ററി സ്കൂളിൽ സംഘടിപ്പിച്ച ദേശീയ വിര വിമുക്ത ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം തിരൂർ സബ്കലക്ടർ ദിലീപ് കൈനിക്കര വിദ്യാർഥികൾക്ക് ആൽബൻ്റസോൾ ഗുളിക നൽകി നിർവഹിച്ചു. വിരനശീകരണത്തെക്കുറിച്ചും ശുചിത്വത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും സബ്കലക്ടർ കുട്ടികളോട് സംസാരിച്ചു. ഡി.എംഒ ഡോ.ടി.കെജയന്തി അധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യകേരളം ജില്ലാ പ്രോഗ്രാംമാനേജർ ഡോ. അനൂപ് ടിഎൻ മുഖ്യപ്രഭാഷണം നടത്തി.ദിനാചരണ സന്ദേശം ഡപ്യൂട്ടി ഡിഎംഒ ഡോ.ഷിബുലാൽ നൽകി. ജില്ലാ ആർ.സി.എച്ച് ഓഫീസർ ഡോ. പമീലി എൻ.എൻ വിദ്യാർത്ഥികൾക്ക് വിരകളെ തോൽപ്പിക്കാം ആരോഗ്യം വീണ്ടെടുക്കാം എന്ന വിഷയത്തിൽ ക്ലാസ് നൽകി . സെന്റ് ജെമ്മാസ് ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൾ സിസ്റ്റർ ജോയ്സി ജോസഫ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഒരു വയസ്സുമുതല്‍ 19 വയസ്സുവരെയുള്ള കുട്ടികള്‍ക്കാണ് ആല്‍ബന്‍ഡസോള്‍ ഗുളിക നല്‍കുന്നത്. ചടങ്ങിൽ ഡിഎസ്ഒ ഡോ. ഷുബിൻ സി ,വാർഡ് കൗൺസിലർ ഷബാന മൻസൂർ, സെന്റ്.സെമ്മാസ് സ്കൂൾ ഹെഡ്മിസ്ട്രസ് ഷിജിമോൾ, എൻ.എസ്.എസ് ജില്ലാ കൺവീനർ സുരേഷ് കെ.എ, ആരോഗ്യകേരളം ഐഇസി കൺസൾട്ടന്റ് ദിവ്യ ഇ.ആർ എന്നിവർ പങ്കെടുത്തു. വിളര്‍ച്ച, പോഷക കുറവ്, വിശപ്പില്ലായ്മ, ഛര്‍ദ്ദി , മലത്തില്‍കൂടി രക്തം പോകല്‍ എന്നിവയാണ് വിരബാധമൂലം കുട്ടികളില്‍ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍. കുട്ടികളുടെ ശരീരത്തില്‍ വിരകളുടെ തോത് വര്‍ദ്ധിക്കും തോറും ശാരീരിക മാനസിക പ്രശ്നങ്ങള്‍ കൂടുന്നു. മാത്രമല്ല സ്‌കൂളില്‍ പോകാനാകാതെ പഠനം തടസ്സപ്പെടുന്ന അവസ്ഥയും ഉണ്ടാകുന്നു. ഇതു തടയുന്നതിന് വേണ്ടിയാണ് ദേശീയ വിരവിമുക്തദിനം ആചരിക്കുന്നത്. വിരവിമുക്തദിനമായ ജനുവരി 6 ആൽബൻഡസോൾ ഗുളിക ലഭിക്കാത്തവർക്ക് മോപ്പപ്പ് ദിനമായ ജനുവരി 12 ന് ഗുളിക നൽകുന്നതാണ്.