മലപ്പുറം: മലപ്പുറം ജില്ലയിൽ 20.55 കോടി രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഫെബ്രുവരി 14 ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെ 19 കോടിയുടെ സ്ത്രീകളുടേയും കുട്ടികളുടെയും ബ്ലോക്ക്, കോട്ടക്കുന്നില്‍ സജ്ജമാക്കിയ 1 കോടിയുടെ ഫുഡ് സ്ട്രീറ്റ്, ഇരിങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ 55.5 ലക്ഷം രൂപയുടെ കുറ്റിത്തറമേൽ ജനകീയാരോഗ്യ കേന്ദ്രത്തിന്റെ ശിലാസ്ഥാപനം എന്നിവയുടെ ഉദ്ഘാടനമാണ് നിര്‍വഹിക്കുന്നത്.
നിലമ്പൂരിൽ അത്യാധുനിക ബ്ലോക്ക്
നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെ സ്ത്രീകളുടേയും കുട്ടികളുടെയും ബ്ലോക്കിന്റെ ഉദ്ഘാടനം ഉച്ചയ്ക്ക് 12 മണിക്ക് മന്ത്രി നിര്‍വഹിക്കും. കേരളത്തില്‍ സര്‍ക്കാര്‍ ഫണ്ടിലൂടെ നടപ്പിലാക്കുന്ന പ്രധാന പദ്ധതികളിലൊന്നായ ഇത്, 19 കോടി രൂപ ഉപയോഗിച്ചാണ് ഒന്നാം ഘട്ടം സജ്ജമാക്കിയിരിക്കുന്നത്. 46,000 ചതുരശ്ര അടി വിസ്തീര്‍ണത്തിൽ നാല് നിലകളിലായി എല്ലാവിധ സൗകര്യങ്ങളോടും കൂടിയാണ് ഈ ബ്ലോക്ക് തയ്യാറാക്കിയിട്ടുളളത്. ഗൈനക്കോളജി വിഭാഗം ഒ.പി, ശിശുരോഗ വിഭാഗം ഒ.പി, ഒബ്‌സെര്‍വേഷൻ റൂം, പ്രതിരോധ കുത്തിവെയ്പ്പ് മുറി, അള്‍ട്രാസൗണ്ട് സ്‌ക്കാന്‍ സംവിധാനം എന്നിവ പുതിയ കെട്ടിടത്തിൽ പ്രവര്‍ത്തനം ആരംഭിക്കും. കെട്ടിടത്തിലേക്ക് ആവശ്യമായ ഉപകരണങ്ങള്‍ക്ക് 1.35 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
കോട്ടക്കുന്നിൽ ഫുഡ് സ്ട്രീറ്റ്
മോഡേണൈസേഷന്‍ ഓഫ് ഫുഡ് സ്ട്രീറ്റ്‌സ് പദ്ധതിയുടെ ഭാഗമായി മലപ്പുറം കോട്ടക്കുന്നിൽ 1 കോടി രൂപ ഉപയോഗിച്ച് നിര്‍മ്മിച്ച ഫുഡ് സ്ട്രീറ്റിന്റെ ഉദ്ഘാടനം വൈകുന്നേരം 4 മണിക്ക് മന്ത്രി നിര്‍വഹിക്കും. ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ച് സുരക്ഷിതവും വൃത്തിയുളളതുമായ ഇടങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിലാണ് ഇത് സജ്ജമാക്കിയത്. സംസ്ഥാനത്ത് ആദ്യ ഘട്ടത്തില്‍ തെരഞ്ഞെടുത്ത തിരുവനന്തപുരം ശംഖുമുഖം, എറണാകുളം കസ്തൂര്‍ബാ നഗര്‍, കോഴിക്കോട് ബീച്ച് എന്നിവയ്‌ക്കൊപ്പമാണ് മലപ്പുറം കോട്ടക്കുന്നും ഈ പദ്ധതിയിൽ ഇടംപിടിച്ചത്.
ഇരിങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ കുറ്റിത്തറമേൽ ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം വൈകുന്നേരം 3 മണിക്ക് മന്ത്രി നിര്‍വഹിക്കും.
മലപ്പുറത്ത് 20.55 കോടിയുടെ പദ്ധതികള്‍: ഫെബ്രുവരി 14ന് മന്ത്രി വീണാ ജോര്‍ജ് നാടിന് സമര്‍പ്പിക്കും