മലപ്പുറം: മൂന്ന് വർഷത്തോളമായി മലപ്പുറത്ത് നടന്നു വരുന്ന മദ്യനിരോധന സമരം സത്യഗ്രഹ ചരിത്രത്തിൽ സുവർണ്ണ ലിപികളാൽ എഴുതപ്പെടേണ്ടതാണെന്ന് കേരള സർവോദയ മണ്ഡലം സംസ്ഥാന പ്രസിഡന്റ് ടി. ബാലകൃഷ്ണൻ പറഞ്ഞു. 2023 ആഗസ്റ്റ് 14-ന് മലപ്പുറം കലക്ടറേറ്റിന് മുന്നിൽ ആരംഭിച്ച മദ്യനിരോധന സമരത്തിന്റെ 911-ാമത്തെ ദിവസത്തെ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ത്യാഗം കൊണ്ടും ലക്ഷ്യം കൊണ്ടും ഈ സമരം വേറിട്ടുനിൽക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ചെറിയ പന്തലെങ്കിലും വലിയ സന്ദേശം നൽകുന്ന സമരമാണിതെന്നും ഇയ്യച്ചേരി മാഷെയും പത്മിനി ടീച്ചറെയും പോലുള്ള പോരാളികളെയാണ് ഇന്നത്തെ കാലം ആവശ്യപ്പെടുന്നതെന്നും ചടങ്ങിൽ സംസാരിച്ച പീസ് ഫൗണ്ടേഷൻ വൈസ് പ്രസിഡന്റ് ഡോക്ടർ എസ്. രാധ പറഞ്ഞു.
പത്ത് വർഷം മുൻപ് 29 ബാർ ഉണ്ടായിരുന്നത് 900-ലേറെ ആക്കിയവരാണ് നാട് ഭരിക്കുന്നവരെന്നും കേരളത്തിലെ കുടുംബങ്ങളെ മുഴുവൻ ഇവർ ദുരിതത്തിലാക്കിയെന്നും ഗാന്ധി പീസ് ഫൗണ്ടേഷൻ സെക്രട്ടറി യു. രാമചന്ദ്രൻ പറഞ്ഞു.
ആമിന സലാം പട്ടർകടവ്, ഉമ്മർ മഞ്ചേരി, ഇയ്യച്ചേരി പദ്മിനി എന്നിവർ പ്രസംഗിച്ചു. സിന്ധു രാമചന്ദ്രൻ, കുഞ്ഞുമുഹമ്മദ് ചോനാരി, ധർമ്മൻ ഇ.പി. എന്നിവർ സത്യാഗ്രഹത്തിൽ പങ്കെടുത്തു.
മലപ്പുറത്തെ മദ്യനിരോധന സമരം സത്യഗ്രഹ ചരിത്രത്തിൽ സുവർണ്ണ ലിപികളാൽ എഴുതപ്പെടേണ്ടത്: ടി. ബാലകൃഷ്ണൻ