പത്താം ക്ലാസ് വിജയിച്ച തൊഴിലന്വേഷകര്‍ക്ക് 1500 രൂപ അലവന്‍സ്; യുവ ജനതയെ ലക്ഷ്യമിട്ട് മമതയുടെ വമ്പന്‍ പ്രഖ്യാപനം.
കൊല്‍ക്കത്ത: പത്താം ക്ലാസ് വിജയിച്ച തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് പ്രതിമാസം 1500 രൂപ അലവന്‍സ് പ്രഖ്യാപിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് യുവ തൊഴിലന്വേഷകരെ ലക്ഷ്യമിട്ട് തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രഖ്യാപനം.
യുവ സാഥി എന്ന് പേരിട്ടിരിക്കുന്ന പദ്ധതി യുവജനങ്ങളെ സ്വയംപര്യാപ്തമായ ഭാവിയിലേക്ക് നയിക്കാനുള്ളതാണെന്ന് മമത പറഞ്ഞു. പത്താം ക്ലാസ് വിജയിച്ച 21നും 40നും ഇടയില്‍ പ്രായമുള്ള യുവജനങ്ങള്‍ക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. ബംഗാളിലെ എസ്.ഐ.ആര്‍ നടപടിക്കെതിരെ നടത്തിയ കുത്തിയിരിപ്പ് സമരത്തിനിടെയാണ് മമതയുടെ പ്രഖ്യാപനം.
ഏപ്രില്‍ ഒന്നിന് പദ്ധതി ആരംഭിക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ ലോക വനിതാ ദിനത്തോടനുബന്ധിച്ച് സമ്മാനമെന്ന നിലയില്‍ ശനിയാഴ്ച്ച മുതല്‍ പദ്ധതി നടപ്പാക്കുമെന്ന് മമത അറിയിച്ചു. ഏകദേശം ഒരുകോടി ആളുകള്‍ പദ്ധതിയിലേക്ക് അപേക്ഷിച്ചിട്ടുണ്ടെന്നും മമത വ്യക്തമാക്കി.