തിരുവനന്തപുരം: ചികിത്സാപ്പിഴവിൽ കഴക്കൂട്ടത്തെ സിഎസ്ഐ മിഷൻ ആശുപത്രിക്കെതിരെ പൊലിസ് കേസെടുത്തു. ശസ്ത്രക്രിയയ്ക്കിടെ മേനംകുളം സ്വദേശിനിയായ ഷീബ പ്രമോദിന്റെ വയറ്റിൽ തുണി കുടുങ്ങിയ സംഭവത്തിലാണ് നടപടി. കുടുംബത്തിന്റെ പരാതിയെത്തുടർന്ന് ശസ്ത്രക്രിയ നടത്തിയ ഡോക്ടർക്കെതിരെയാണ് കഴക്കൂട്ടം പൊലിസ് കേസെടുത്തത്.
2025 ഡിസംബർ 3-നായിരുന്നു മേനംകുളം സ്വദേശി ഷീബ പ്രമോദ് വയറു വേദനക്ക് ചികിത്സ തേടിയത്. സ്‌കാനിങ്ങില്‍ അപ്പന്റിസൈറ്റിസ് പഴുത്തു പൊട്ടിയാതാണെന്നു കണ്ടെത്തി. ഉടന്‍ ശസ്ത്രക്രിയക്ക് നിര്‍ദ്ദേശിച്ചു. അതിന് ശേഷം ഡിസംബര്‍ 12 ന് ഇവരെ ഡിസ്ചാര്‍ജ് ചെയ്തു. എന്നാല്‍ മുറിവിന്റെ ഒരു ഭാഗം ഉണങ്ങിയിരുന്നില്ല. ഇത് കഴിഞ്ഞ് മൂന്ന് മാസം കഴിഞ്ഞിട്ടും വയറുവേദന മാറാതായപ്പോള്‍ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. പത്ത് ദിവസം അവിടെ ചികിത്സയില്‍ കിടന്നപ്പോഴാണ് വയറ്റില്‍ തുണിയുള്ളതായി കണ്ടെത്തിയത്.
ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ നിഷേധിച്ചു. മറ്റു ആശുപത്രിയില്‍ ചികിത്സ തേടിയപ്പോള്‍ സംഭവിച്ചതാകാമെന്നായിരുന്നു അവരുടെ വാദം. എന്നാല്‍ സ്‌കാനിങ് റിപ്പോര്‍ട്ടടക്കം കാണിച്ചപ്പോഴാണ് പണം തരാതെ ശസ്ത്രക്രിയ നടത്തിത്തരാമെന്നായി സി.എസ്.ഐ ആശുപത്രിയുടെ പ്രതികരണം. വയറ്റിനുള്ളില്‍ പിന്‍ ചെയ്ത നിലയിലായിരുന്നു തുണിക്കഷ്ണം ഉണ്ടായിരുന്നത്.
മൂന്ന് മാസത്തോളം വേദന അനുഭവിച്ച ശേഷമാണ് സി.എസ്.ഐ ആശുപത്രിയില്‍ വീണ്ടും ശസ്ത്രക്രിയ നടത്തി തുണി പുറത്തെടുത്തതെന്ന് ഷീബ പ്രമോദ് ചൂണ്ടിക്കാട്ടി. സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി വീണാ ജോര്‍ജിനും കഴക്കൂട്ടം പൊലിസിനും ഷീബയുടെ കുടുംബം പരാതി നല്‍കിയിരുന്നു.