മലപ്പുറം: പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യം സൃഷ്ടിച്ച പാചകവാതക പ്രതിസന്ധി മുതലെടുത്ത് സ്വകാര്യ ഏജൻസികൾ നടത്തുന്ന അമിത ചൂഷണം അവസാനിപ്പിക്കണമെന്ന് കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ വർക്കേഴ്സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) മലപ്പുറം ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു.
ഹോട്ടലുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് നൽകുന്ന കൊമേഴ്സ്യൽ സിലിണ്ടറുകൾക്ക് മുൻപ് 2000 രൂപയുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ 4000 മുതൽ 5000 രൂപ വരെ ഈടാക്കുന്നതായി പരാതിയുണ്ട്. പ്രതിസന്ധി ഘട്ടങ്ങളിൽ കരിഞ്ചന്തയും പൂഴ്ത്തിവെപ്പും നടത്തുന്ന ഏജൻസികൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണം. ചെറുകിട ഹോട്ടൽ വ്യാപാരികൾക്ക് ഇന്ധന ലഭ്യത ഉറപ്പുവരുത്താൻ അധികാരികൾ മുൻകൈ എടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
അമിതവില ഈടാക്കി ജനങ്ങളെയും വ്യാപാരികളെയും ചൂഷണം ചെയ്യുന്നവർക്കെതിരെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് പരാതി നൽകാൻ യോഗത്തിൽ തീരുമാനമായി. ജില്ലാ പ്രസിഡന്റ് അസൈനാർ ഊരകം അധ്യക്ഷത വഹിച്ചു. അഷ്റഫ് മനരിക്കൽ, പി.പി.എ ബാവ, മണ്ണിൽ ബിന്ദു, മുഹമ്മദ് ബാവ എ.ആർ നഗർ, ഉണ്ണി തൊട്ടിയിൽ, എം.പി വേലായുധൻ മാസ്റ്റർ, ഷൗക്കത്ത് കൂരിയാട്, ചന്ദ്രമതി ചെമ്പട്ട തുടങ്ങിയവർ സംസാരിച്ചു. മനോജ് പുനത്തിൽ സ്വാഗതവും റഷീദ കണ്ണമംഗലം നന്ദിയും പറഞ്ഞു.