മലപ്പുറം : സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് ഉച്ചക്ക് ശേഷമുണ്ടായ കാറ്റിലും മഴയിലും വ്യാപകനാശനഷ്ടങ്ങളുണ്ടായി. മലപ്പുറം എടവണ്ണയിൽ വീട്ടു മുറ്റത്ത് നിന്ന വയോധികൻ ഇടിമിന്നലേറ്റ് മരിച്ചു. എടവണ്ണ പാലപ്പറ്റ സ്വദേശി കാരി (65) ആണ് മരിച്ചത്. വീടിന് സമീപം നിൽക്കുന്നതിനിടയിലാണ് ഇടിമിന്നലേറ്റത്. ഉടൻ തന്നെ വീട്ടുകാർ എടവണ്ണ രാജഗിരി ഹോസ്‌പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
കടുത്ത ചൂടിന് ആശ്വാസമായി പെയ്ത വേനൽ മഴയിൽ മലപ്പുറം ജില്ലയിലെ പല സ്ഥലങ്ങളിലും കനത്ത നാശനഷ്ടം, ശക്തമായ കാറ്റിലും മഴയിലും നിരവധി മരങ്ങൾ കടപുഴകി വീണു, ജില്ലയിലെ പ്രധാന റോഡുകളുടെ ഇരുവശവും ഉള്ള മരങ്ങളുടെ ശാഖകൾ കാറ്റിൽ പൊട്ടിവീണ് വൈദ്യുതി കമ്പിയിൽ തട്ടിയും വാഹനങ്ങൾക്ക് മുകളിൽ വീണും നിരവധി അപകടങ്ങൾ ഉണ്ടായി, മരങ്ങൾ കടപുഴകി വീണ് നിരവധി വീടുകൾക്ക് പരിക്ക്.