ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ സുപ്രധാന രേഖകളും, ഹാർഡ് ഡിസ്കും, സ്വർണ്ണവും, പണവും പ്രത്യേക അന്വേഷണ സംഘം പിടിച്ചെടുത്തു. എട്ട് മണിക്കൂറിലധികം നീണ്ട പരിശോധനയിൽ, ഉണ്ണികൃഷ്ണന്റെ വസ്തുവകകളുടെ രേഖകളും സംഘം പരിശോധിച്ചു.
കഴിഞ്ഞ ദിവസം വൈകുന്നേരം നാലു മണിക്ക് വീട്ടിലെത്തിയ അന്വേഷണ സംഘം അർദ്ധരാത്രി 12:30 ഓടെയാണ് മടങ്ങിയത്. പുള്ളിമാൻ വില്ലേജ് ഓഫീസർ, പഞ്ചായത്ത് വാർഡ് അംഗം എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന. പിടിച്ചെടുത്ത സ്വർണ്ണം തങ്ങൾ ഉപയോഗിക്കുന്നതാണെന്നാണ് കുടുംബം അന്വേഷണ സംഘത്തോട് വ്യക്തമാക്കിയത്.
പോറ്റിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നത് നാലാം ദിവസവും തുടരുകയാണ്. തട്ടിപ്പിന് കൂടെ നിന്ന അന്നത്തെ ദേവസ്വം അഡ്മിനിസ്ട്രേറ്റർ മുരാരി ബാബുവിനെ ഉടൻ കസ്റ്റഡിയിലെടുക്കും. ഇരുവരെയും ഒരുമിച്ച് ചോദ്യം ചെയ്തതിനു ശേഷം ഹൈദരാബാദ്, ചെന്നൈ, ബെംഗളൂരു എന്നീ സ്ഥലങ്ങളിൽ തെളിവെടുപ്പിന് കൊണ്ടുപോകുമെന്നും റിപ്പോർട്ടിൽ പറയുന്നു.