Top News

ഊരകം മലയിലെ അനധികൃത ക്വാറികൾ അടച്ചുപൂട്ടണം; ദുരൂഹമരണത്തിൽ അന്വേഷണം വേണം: കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ വർക്കേഴ്സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി.)

മലപ്പുറം: ​മലപ്പുറം ജില്ലയിലെ ഊരകം മലയിൽ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന അനധികൃത കരിങ്കൽ ക്വാറികൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിച്ച് പ്രദേശവാസികളുടെ ആശങ്കകൾ പരിഹരിക്കണമെന്ന് കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ വർക്കേഴ്സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി.) മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഊരകം മലയിൽ അടുത്തിടെയുണ്ടായ ടാപ്പിംഗ് തൊഴിലാളിയുടെ ദുരൂഹ മരണത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന ശിക്ഷാ നടപടികൾ കൈക്കൊള്ളണമെന്നും യോഗം ആവശ്യപ്പെട്ടു.

​ഭൂമിയുടെ ഹൃദയം പിളർത്തുന്ന തരത്തിലുള്ള അശാസ്ത്രീയ ഖനനം ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് യോഗം മുന്നറിയിപ്പ് നൽകി. പ്രകൃതി ദുരന്തത്തിൻ്റെ വക്കോളമെത്തി നിൽക്കുന്ന ഊരകം മലയുടെ സംരക്ഷണം ഉറപ്പാക്കുന്നതിന് ബഹുജന പങ്കാളിത്തത്തോടെയുള്ള സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്നും, സാമ്പത്തിക ദുരാഗ്രഹികൾക്ക് കൂട്ടുനിൽക്കുന്ന രാഷ്ട്രീയ-ഉദ്യോഗസ്ഥ ലോബികളുടെ പൊയ്മുഖം പൊതുജനമധ്യത്തിൽ തുറന്നു കാട്ടുമെന്നും നേതാക്കൾ വ്യക്തമാക്കി.

​ജില്ലാ പ്രസിഡണ്ട് അസൈനാർ ഊരകത്തിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ നേതാക്കളായ അഷ്റഫ് മനരിക്കൽ, പി.പി.എ. ബാവ, മുഹമ്മദ് ബാവ എ.ആർ. നഗർ, മണ്ണിൽ ബിന്ദു, ഉണ്ണി തൊട്ടിയിൽ, എം.പി. വേലായുധൻ മാസ്റ്റർ, മനോജ് പുനത്തിൽ, ചന്ദ്രമതി ചെമ്പട്ട തുടങ്ങിയവർ സംസാരിച്ചു. ഷൗക്കത്തലി സി.വി. സ്വാഗതവും റഷീദ കണ്ണമംഗലം നന്ദിയും പറഞ്ഞു.

Previous Post Next Post