ഏകാരോഗ്യം: പൊതുജനാരോഗ്യത്തിന് ഏകോപിത ശ്രമം അനിവാര്യം – ഡോ ടി കെ ജയന്തി
മലപ്പുറം: പൊതുജനാരോഗ്യ സംരക്ഷണത്തിന് എല്ലാ വകുപ്പുകളുടെയും ഏകോപിത ശ്രമം അനിവാര്യമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ ടി കെ ജയന്തി പറഞ്ഞു. മലപ്പുറം പ്ലാനിംഗ് സെക്രട്ടറിയേറ്റ് ഹാളിൽ നടന്ന ഏകാരോഗ്യം ജില്ലാതല സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.
മനുഷ്യരുടെ ആരോഗ്യം എന്നതിലുപരിയായി, ആരോഗ്യം നിലനിർത്തുന്നതിന് ജന്തുസസ്യജാലങ്ങളെയും അവ ഉൾക്കൊള്ളുന്ന പരിസ്ഥിതിയെയും സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ് എന്ന ആശയമാണ് ‘ഏകാരോഗ്യം’ (One Health) മുന്നോട്ട് വെക്കുന്നത്.
ആരോഗ്യമേഖലയിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ, മനുഷ്യരും പക്ഷിമൃഗാദികളും പരിസ്ഥിതിയും തമ്മിലുള്ള പരസ്പര ബന്ധം തിരിച്ചറിഞ്ഞുകൊണ്ട് വിവിധ വകുപ്പുകളുടെയും വിജ്ഞാനശാഖകളുടെയും സഹകരണം ഉറപ്പാക്കേണ്ടതുണ്ടെന്ന് സെമിനാർ അഭിപ്രായപ്പെട്ടു.
ജില്ലാ നോഡൽ ഓഫീസർ ഡോ കെ കെ പ്രവീണ “ഏകാരോഗ്യവും അനുബന്ധ വകുപ്പുകളുടെ ഏകോപനവും” എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ചു.
സെമിനാറിൽ ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ എ ഷിബുലാൽ മോഡറേറ്റർ ആയിരുന്നു. വെറ്റിനറി സർജൻ ഡോ ലൈല, ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർമാരായ ഡോ സി ഷുബിൻ, ഡോ വി ഫിറോസ് ഖാൻ, തദ്ദേശസ്വയംഭരണവകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ അബ്ദുൾഖാദർ, വനിതാ-ശിശുക്ഷേമ ഓഫീസർ ധന്യ, ജില്ലാ എഡ്യുക്കേഷൻ മീഡിയ ഓഫീസർ കെ പി സാദിഖ് അലി, ടെക്നിക്കൽ അസിസ്റ്റന്റ് സി കെ സുരേഷ് കുമാർ എന്നിവർ ചർച്ചകളിൽ പങ്കെടുത്തു.