തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ട് വിഹിതത്തിൽ 29.17 ശതമാനവുമായി കോൺഗ്രസ് ഒന്നാമത്
സംസ്ഥാനത്തെ തദ്ദേശതിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ച പാര്‍ട്ടിയായി ഇത്തവണ കോണ്‍ഗ്രസ് മാറി. 29.17 ശതമാനം വോട്ടാണ് കോണ്‍ഗ്രസിന് ലഭിച്ചത്. സിപിഎമ്മിന് 27.16 ശതമാനം വോട്ട് വിഹിതമാണ് ലഭിച്ചത്. ബിജെപിക്ക് 14.76 ശതമാനം വോട്ടും ലഭിച്ചു. മുന്നണി തിരിച്ചുള്ള കണക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തുവിട്ടതിന് പിന്നാലെയാണ് ഇപ്പോള്‍ പാര്‍ട്ടി തിരിച്ചുള്ള കണക്കും പുറത്തുവിട്ടിരിക്കുന്നത്. കോണ്‍ഗ്രസ് 8 ജില്ലകളില്‍ 30 ശതമാനത്തിലേറെ വോട്ട് നേടിയപ്പോള്‍, സി പി എമ്മിന് 2 ജില്ലകളില്‍ മാത്രമാണ് ഈ നേട്ടം സ്വന്തമാക്കാനായത്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് എന്നിവിടങ്ങളിലൊഴികെ ബാക്കി എല്ലാ ജില്ലകളിലും കോണ്‍ഗ്രസ് 30 ശതമാനത്തിലേറെ വോട്ടുകളാണ് നേടിയത്. സിപിഎം ആകട്ടെ, കണ്ണൂരിലും പാലക്കാടും മാത്രമാണ് 30 ശതമാനത്തിലേറെ വോട്ടുകള്‍ നേടിയത്. തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരേയുള്ള ജില്ലകളില്‍ കോണ്‍ഗ്രസ് ഒന്നാമതാണ്. ബി ജെ പിയാകട്ടെ ഒരു ജില്ലയില്‍ പോലും 30 ശതമാനം വോട്ട് നേടിയിട്ടില്ല. ബി ജെ പി 20 ശതമാനത്തിലേറെ വോട്ട് വിഹിതം സ്വന്തമാക്കിയത് തിരുവനന്തപുരം ജില്ലയില്‍ മാത്രമാണ്. മുസ്ലിം ലീഗിന് 9.77 ശതമാനവും സിപിഐയ്ക്ക് 5.58 ശതമാനവും കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് 1.62 ശതമാനവും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് 1.33 ശതമാനം വോട്ടുമാണ് ലഭിച്ചത്.