കുഷ്ഠരോഗ നിർമ്മാർജ്ജനം: ‘അശ്വമേധം’ ക്യാമ്പയിന് മലപ്പുറത്ത് തുടക്കമായി
മലപ്പുറം: കുഷ്ഠരോഗത്തെ നേരത്തെ കണ്ടെത്തി പൂർണ്ണമായും തടയുന്നതിനുള്ള ‘അശ്വമേധം’ ക്യാമ്പയിൻ വിജയിപ്പിക്കാൻ എല്ലാവരും ഒരേ മനസ്സോടെ പ്രവർത്തിക്കണമെന്ന് ഹോമിയോ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഹന്ന ജാസ്മിൻ വയലിൽ ആഹ്വാനം ചെയ്തു. കുഷ്ഠരോഗ കേസ് കണ്ടെത്തൽ ക്യാമ്പയിന്റെ ഭാഗമായി ആയുർവ്വേദ, ഹോമിയോ ഡോക്ടർമാർക്കായി സംഘടിപ്പിച്ച ജില്ലാതല പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
കുഷ്ഠരോഗത്തെക്കുറിച്ച് സമൂഹ നിലനിൽക്കുന്ന ഭയം, തെറ്റിദ്ധാരണകൾ, സാമൂഹിക വിവേചനം എന്നിവ ഒഴിവാക്കുക എന്നതാണ് അശ്വമേധം ക്യാമ്പയിന്റെ പ്രധാന ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കി. രോഗം നേരത്തെ കണ്ടെത്താനും ഉടൻ ചികിത്സ ലഭ്യമാക്കാനും ക്യാമ്പയിൻ വഴിയൊരുക്കും. കുഷ്ഠരോഗം പൂർണ്ണമായും സുഖപ്പെടുത്താവുന്നതാണെന്നും എല്ലാ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിലും ഇതിനുള്ള ചികിത്സ സൗജന്യമായി ലഭ്യമാണെന്നും ഡി.എം.ഒ അറിയിച്ചു.
ജില്ലാ ആസൂത്രണ സമിതി ഹാളിൽ നടന്ന ചടങ്ങിൽ ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ. ഷിബുലാൽ അധ്യക്ഷത വഹിച്ചു. ആയുർവ്വേദ ഡി.എം.ഒ ഇൻചാർജ്ജ് ഡോ. പി.എ. അബ്ദുസലാം സഹീർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ എഡ്യുക്കേഷൻ മീഡിയ ഓഫീസർ കെ.പി. സാദിഖ് അലി, അസിസ്റ്റന്റ് ലെപ്രസി ഓഫീസർ പി. രാജൻ, ഡെപ്യൂട്ടി ജില്ലാ എഡ്യുക്കേഷൻ മീഡിയ ഓഫീസർ വിൻസന്റ് സിറിൽ എന്നിവർ സംസാരിച്ചു. വിദഗ്ദ്ധർ നയിച്ച പരിശീലന ക്ലാസുകളിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഇരുന്നൂറോളം ഹോമിയോ, ആയുർവ്വേദ മെഡിക്കൽ ഓഫീസർമാർ പങ്കെടുത്തു.