ഒന്നരക്കോടിയുടെ കെട്ടിടവും സ്ഥലവും ഡയാലിസിസ് സെന്ററിന് വിട്ടുനൽകി; കുഞ്ഞുമുഹമ്മദാജിയുടെ കാരുണ്യം മാതൃകാപരം.
കൊണ്ടോട്ടി: മാനവികതയുടെയും കാരുണ്യത്തിന്റെയും ഉത്തമ ഉദാഹരണമായി മോങ്ങം സ്വദേശി കാരനാട്ട് കോടാലി കുഞ്ഞുമുഹമ്മദാജി. കൊണ്ടോട്ടി കോടങ്ങാട് ഉള്ള തന്റെ ഉടമസ്ഥതയിലുള്ള ഒന്നരക്കോടി രൂപ വിലമതിക്കുന്ന കെട്ടിടവും സ്ഥലവും കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന് അദ്ദേഹം സൗജന്യമായി വിട്ടുനൽകി.
ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക രേഖകൾ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾക്ക് കുഞ്ഞുമുഹമ്മദാജി കൈമാറി. വൃക്കരോഗികൾക്ക് ആശ്വാസമേകുന്ന ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന്റെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ വലിയ സംഭാവന.
സാധാരണക്കാരായ രോഗികൾക്ക് ഏറെ തണലാകുന്ന സ്ഥാപനത്തിന് ഇത്രയും വലിയൊരു ആസ്തി കൈമാറിയ കുഞ്ഞുമുഹമ്മദാജിയുടെ പ്രവൃത്തിയെ മുനവ്വറലി ശിഹാബ് തങ്ങൾ അഭിനന്ദിച്ചു. ചടങ്ങിൽ വിവിധ സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും നാട്ടുകാരും സംബന്ധിച്ചു. കാരുണ്യപ്രവർത്തനങ്ങളിൽ നാടിന് എന്നും മാതൃകയാക്കാവുന്ന പ്രവർത്തനമാണിതെന്ന് ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.