ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് രോഗികളുടെ ചികിത്സാ ചിലവ് പെരിന്തൽമണ്ണ സി.എച്ച് സെന്റർ ഏറ്റെടുത്തു
പെരിന്തൽമണ്ണ: ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് അറ്റകുറ്റപ്പണികൾക്കായി താൽക്കാലികമായി അടച്ചതിനെത്തുടർന്ന് ദുരിതത്തിലായ രോഗികൾക്ക് കൈത്താങ്ങായി പെരിന്തൽമണ്ണ സി.എച്ച് സെന്റർ രംഗത്തെത്തി. യൂണിറ്റിലെ ജലസാമ്പിളുകളിൽ മലിനീകരണത്തിന്റെ ലക്ഷണങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് മുൻകരുതൽ നടപടിയായി യൂണിറ്റ് അടച്ചിടുകയായിരുന്നു. ഇതോടെ ചികിത്സ മുടങ്ങുന്ന അവസ്ഥയിലായ 31 രോഗികളെ നിലവിൽ വിവിധ സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്.
ആശുപത്രിയിലെ ഡയാലിസിസ് സൗകര്യം പുനഃസ്ഥാപിക്കുന്നത് വരെ, സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടേണ്ടി വരുന്ന ഈ രോഗികളുടെ ഡയാലിസിസ് ചിലവ് സി.എച്ച് സെന്റർ വഹിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. എച്ച്.എം.സി (HMC) യോഗത്തിൽ ഉയർന്നുവന്ന നിർദ്ദേശം പരിഗണിച്ച് സി.എച്ച് സെന്റർ മാനേജിംഗ് കമ്മിറ്റി അടിയന്തരമായി യോഗം ചേർന്നാണ് ഈ മാതൃകാപരമായ തീരുമാനമെടുത്തത്.
ഫെബ്രുവരി 19-ാം തീയതി മുതൽ ജില്ലാ ആശുപത്രിയിലെ സംവിധാനം ശരിയാകുന്നത് വരെ ഈ ആനുകൂല്യം രോഗികൾക്ക് ലഭിക്കും. പരിശുദ്ധ റമദാൻ മാസത്തിന്റെ തുടക്കത്തിൽ തന്നെ ഇത്തരമൊരു വലിയ കാരുണ്യ പ്രവർത്തനത്തിന് അവസരം ലഭിച്ചത് ദൈവീകമായ നിയോഗമായി കാണുന്നുവെന്നും, നാട്ടിലെ സുമനസ്സുകളുടെ സഹകരണത്തോടെ ഈ ദൗത്യം വിജയകരമായി മുന്നോട്ട് കൊണ്ടു പോകുമെന്നും സി.എച്ച് സെന്റർ അറിയിച്ചു