ക്ഷേത്രോത്സവത്തിനിടെ സ്ത്രീകൾ തമ്മിൽ കൂട്ടത്തല്ല്; ഹെൽമറ്റ് ഉപയോഗിച്ചും ആക്രമണം.
കൊല്ലം: പുത്തൂർ മലനട ക്ഷേത്രോത്സവത്തിനിടെ സ്ത്രീകൾ തമ്മിൽ നടുറോഡിൽ ഏറ്റുമുട്ടി. ഉത്സവത്തിനിടെയുണ്ടായ നിസ്സാര തർക്കമാണ് പരസ്യമായ കൂട്ടത്തല്ലിൽ കലാശിച്ചത്. ആക്രമിച്ച് വന്ന സ്ത്രീകളെ തടയാൻ കൂടെയുള്ളവർ ശ്രമിച്ചെങ്കിലും ഹെൽമറ്റ് അടക്കമുള്ള വസ്തുക്കൾ ഉപയോഗിച്ച് മർദ്ദനം തുടരുകയായിരുന്നു.
ക്ഷേത്രത്തിന് സമീപമുള്ള റോഡിലായിരുന്നു സംഭവം. ദൃശ്യങ്ങൾ പ്രകാരം സ്ത്രീകൾ പരസ്പരം മുടിക്ക് കുത്തിപ്പിടിക്കുകയും മർദ്ദിക്കുകയും ചെയ്യുന്നത് കാണാം.തർക്കത്തിനിടെ ഒരു സ്ത്രീ കയ്യിലുണ്ടായിരുന്ന ഹെൽമറ്റ് ഉപയോഗിച്ച് മറ്റൊരാളെ തലങ്ങും വിലങ്ങും അടിക്കുകയായിരുന്നു.
രംഗം വഷളായതോടെ സ്ഥലത്തുണ്ടായിരുന്ന പുരുഷന്മാർ ഇടപെട്ടാണ് സ്ത്രീകളെ പിടിച്ചുമാറ്റിയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
സംഘർഷത്തിൽ ആർക്കും കാര്യമായ പരിക്കുകളില്ലെന്നാണ് വിവരം. സംഭവുമായി ബന്ധപ്പെട്ട് ആരും തന്നെ പൊലിസിൽ പരാതി നൽകിയിട്ടില്ല. പരാതി ലഭിക്കാത്ത സാഹചര്യത്തിൽ നിലവിൽ കേസെടുത്തിട്ടില്ലെന്ന് പുത്തൂർ പൊലിസ് അറിയിച്ചു.