വളാഞ്ചേരിയിൽ കത്തിവീശി ഭീഷണി: കാപ്പ പ്രതിയടക്കം രണ്ടുപേർ പിടിയിൽ
മലപ്പുറം:വളാഞ്ചേരിയിൽ കത്തിവീശി ഭീകരാന്തരീക്ഷം സൃഷ്‌ടിക്കുകയും ആളുകളെ മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ കുപ്രസിദ്ധ ഗുണ്ടയടക്കം രണ്ടുപേരെ വളാഞ്ചേരി പൊലിസ് അറസ്റ്റ് ചെയ്തു. ഇരിമ്പിളിയം കൊടുമുടി സ്വദേശി കണ്ണിത്തൊടി മുഹമ്മദ് ആഷിഖ് (31), ഇരിമ്പിളിയം ഇല്ലത്തുപ്പറമ്പ് വിനോദ് കുമാർ (മങ്കേരി വിനു-31) എന്നിവരാണ് പിടിയിലായത്.
കൊടുമുടിക്കാവ് താലപ്പൊലി മഹോത്സവവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയായിരുന്ന കമ്മിറ്റി അംഗങ്ങളെ കത്തികാട്ടി ഭീഷണിപ്പെടുത്തിയ കേസിലാണ് മുഹമ്മദ് ആഷിഖിനെ പിടികൂടിയത്. ഉത്സവം നടത്താൻ അനുവദിക്കില്ലെന്ന് പറഞ്ഞ് ഇയാൾ പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾ പ്രദേശത്തെ സ്ഥിരം പ്രശ്നക്കാരനാണെന്ന് പൊലിസ് പറഞ്ഞു.
മുഹമ്മദ് ആഷിഖിനായുള്ള തിരച്ചിലിനിടെയാണ് കാപ്പ പ്രതിയായ വിനോദ് കുമാർ പിടിയിലാകുന്നത്. തൃശൂർ ഡി.ഐ.ജി ആറുമാസത്തേക്ക് ജില്ലയിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തിയിരുന്ന പ്രതിയാണ് വിനോദ്. വിലക്ക് ലംഘിച്ച് ജില്ലയിൽ കടന്ന ഇയാൾ, വളാഞ്ചേരി ബസ് സ്റ്റാൻഡ് പരിസരത്ത് വെച്ച് രണ്ട് യുവാക്കളെ കത്തികാട്ടി ഭീഷണിപ്പെടുത്തുകയും ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു.
പ്രതികൾക്കെതിരെ ബി.എൻ.എസ് 110 (വധശ്രമം), കാപ്പ നിയമലംഘനം തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്തു. വളാഞ്ചേരി ഇൻസ്പെക്ടർ വിനോദ് വലിയാട്ടുമിൻ്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ നിർമൽ, എസ്.സി.പി.ഒ മനു, സി.പി.ഒ വിജയാനന്ദ്, ഡബ്ല്യു.സി.പി.ഒ രജിത എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ വലയിലാക്കിയത്. തിരൂർ കോടതിയിൽ ഹാജരാക്കിയ ഇരുവരേയും റിമാൻഡ് ചെയയ്തു.