കോഡൂർ: കോഡൂർ ഗ്രാമപഞ്ചായത്തിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി ജലജീവൻ മിഷൻ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായുള്ള കുടിവെള്ള ടാങ്കിന്റെ നിർമ്മാണോദ്ഘാടനം മലപ്പുറം മണ്ഡലം എം.എൽ.എ പി. ഉബൈദുള്ള നിർവ്വഹിച്ചു. വട്ടപ്പറമ്പ് അൽഹുദാ സ്കൂൾ പരിസരത്ത് നടന്ന ചടങ്ങിൽ പ്രമുഖ ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹിക പ്രവർത്തകരും പങ്കെടുത്തു.
കോഡൂർ പഞ്ചായത്ത് പ്രസിഡന്റ് സി.പി. ഷാജി അധ്യക്ഷത വഹിച്ച ചടങ്ങിൽ മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റജുല പെലത്തൊടി മുഖ്യാതിഥിയായി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജുമൈല വരിക്കോടൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.എം. സുബൈർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സജിനമോൾ ആമിയൻ, ബ്ലോക്ക് മെമ്പർ എൻ. കുഞ്ഞീതു, പഞ്ചായത്ത് ആസൂത്രണ സമിതി ചെയർമാൻ എം.ടി. ബഷീർ എന്നിവർ സംസാരിച്ചു.
പഞ്ചായത്ത് മെമ്പർമാരായ ഇ.കെ. ഷൗക്കത്തലി, നജ്മ കിളിയണ്ണി, നീലൻ കോഡൂർ, അസ്‌ലം അലി കിളിയണ്ണി, അബ്ദുറസാഖ് വില്ലൻ, ഫാസിൽ കരീം, ആബിദ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. പ്രദേശത്തെ നൂറുകണക്കിന് കുടുംബങ്ങൾക്ക് ആശ്വാസമാകുന്ന ഈ കുടിവെള്ള പദ്ധതി യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കുമെന്ന് അധികൃതർ അറിയിച്ചു.
വട്ടപ്പറമ്പിൽ പുതിയ കുടിവെള്ള ടാങ്ക് വരുന്നു; ജലജീവൻ മിഷൻ പദ്ധതിക്ക് പി. ഉബൈദുള്ള എം.എൽ.എ തുടക്കം കുറിച്ചു