റിയാദ്: സ്കൂളിലെ സഹപാഠികൾക്ക് സ്വർണ്ണാഭരണങ്ങൾ സമ്മാനമായി നൽകി റിയാദിലെ ഒരു പ്രൈമറി സ്കൂളിൽ ഒരു വിദ്യാർഥി. ചില കുട്ടികളുടെ കൈയിൽ സ്വർണ്ണാഭരണങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. കുട്ടികൾക്കിടയിൽ സ്വർണ്ണാഭരണങ്ങൾ വിതരണം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ട സ്കൂൾ ജീവനക്കാർ ഉടൻ അധികൃതരെ അറിയിക്കുകയായിരുന്നു.
സംഭവത്തിൽ സംശയം തോന്നിയ സ്കൂൾ ജീവനക്കാർ ഉടൻ തന്നെ ഭരണകൂടത്തെ വിവരമറിയിച്ചു. തുടർന്ന് ബന്ധപ്പെട്ട വിദ്യാർത്ഥിയോട് നടത്തിയ ചോദ്യം ചെയ്യലിലാണ് കാര്യത്തിന്റെ യാഥാർത്ഥ്യം പുറത്തുവന്നത്. വീട്ടിൽ നിന്ന് അമ്മയുടെ ഡ്രോയറിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണാഭരണങ്ങളാണ് സഹപാഠികൾക്ക് നൽകിയതെന്ന് കുട്ടി സമ്മതിച്ചു.
വിവരം അറിഞ്ഞതോടെ സ്കൂൾ അധികൃതർ രക്ഷിതാക്കളെ ബന്ധപ്പെട്ടു. ആഭരണങ്ങൾ തങ്ങളുടേതാണെന്ന് രക്ഷിതാക്കൾ സ്ഥിരീകരിച്ചു. തുടർന്ന് വിദ്യാർത്ഥികളിൽ നിന്ന് ശേഖരിച്ച സ്വർണ്ണാഭരണങ്ങൾ മുഴുവൻ സുരക്ഷിതമായി രക്ഷിതാക്കൾക്ക് തിരികെ കൈമാറി.
അധ്യാപകരുടെയും സ്കൂൾ ഭരണകൂടത്തിന്റെയും സമയോചിതമായ ഇടപെടലിലൂടെ വലിയ നഷ്ടം ഒഴിവാക്കാനും വിഷയം സമാധാനപരമായി പരിഹരിക്കാനും സാധിച്ചതായി അധികൃതർ അറിയിച്ചു.