HEADLINES
വാർത്തകൾ ലോഡ് ചെയ്യുന്നു...

Top News

പക്ഷിപ്പനി: ജാഗ്രത പാലിക്കണം - ഡി.എം.ഒ

പക്ഷിപ്പനി: ജാഗ്രത പാലിക്കണം - ഡി.എം.ഒ

മലപ്പുറം:  സമീപ ജില്ലയായ കോഴിക്കോട് പക്ഷിപ്പനി (H5N1) റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ വളർത്തു പക്ഷികളുമായി അടുത്ത് ഇടപഴകുന്നവരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ടി കെ ജയന്തി അറിയിച്ചു.
പക്ഷിപ്പനി:
പക്ഷികളിൽ കാണപ്പെടുന്ന ഇൻഫ്ലുവൻസ എ വൈറസ് മൂലമുണ്ടാകുന്ന പകരുന്ന രോഗമാണ് പക്ഷിപ്പനി അഥവാ ഏവിയൻ ഇൻഫ്ളുവൻസ. പക്ഷികളിൽ നിന്നും പക്ഷികളിലേക്കാണ് ഇത് പകരാറുള്ളത്. കോഴി, താറാവ്, കാട, വാത്ത്, ടർക്കി, അലങ്കാര പക്ഷികൾ തുടങ്ങി എല്ലാ ഇനം പക്ഷികളേയും ഈ രോഗം ബാധിക്കാം.
എന്നാൽ അപൂർവ്വമായി പക്ഷികളിൽ നിന്ന് മനുഷ്യരിലേക്ക് പകരാനും ഇടയുണ്ട്. മനുഷ്യരിലെ രോഗം ഗുരുതരമാവാൻ സാധ്യതയുണ്ട്. അതിനാൽ പക്ഷികളുമായും മൃഗങ്ങളുമായും സുരക്ഷിതമായ അകലം പാലിക്കേണ്ടതാണ്. രോഗബാധയേറ്റ കോഴി ,താറാവ്, വളർത്തു പക്ഷികൾ ഇവയെ പരിപാലിക്കുന്നവർ, അടുത്ത സമ്പർക്കം പുലർത്തുന്നവർ, മാംസം കൈകാര്യം ചെയ്യുന്നവർ, കശാപ്പുകാർ, വെറ്റിനറി ഡോക്ടർമാർ, രോഗ നിയന്ത്രണത്തിനായി പക്ഷികളെ നശിപ്പിക്കാൻ നിയോഗിക്കപ്പെട്ടവർ, സഹായികൾ എന്നിവർ പ്രതിരോധ നടപടികൾ സ്വീകരിക്കണം.
ലക്ഷണങ്ങൾ
പനി, ശക്തമായ ശരീര വേദന, കണ്ണിന് ചുവപ്പ്, ചുമ, വയറിളക്കം, മൂക്കൊലിപ്പ് കഫത്തിൽ രക്തം കാണുക, ശ്വാസം മുട്ട് എന്നിവയാണ് മനുഷ്യരിലെ രോഗലക്ഷണങ്ങൾ.
മുൻകരുതലുകൾ
 * പക്ഷികളോ മൃഗങ്ങളോ ചത്ത് വീഴുന്നത് ശ്രദ്ധയിൽപ്പെട്ടാൽ തൊട്ടടുത്തുള്ള ആരോഗ്യ സ്ഥാപനത്തിലും മൃഗാശുപത്രിയിലും അറിയിക്കേണ്ടതാണ്.
 * പക്ഷികളെ ആകർഷിക്കുന്ന രീതിയിൽ മാംസാവശിഷ്ടങ്ങളും ആഹാര അവശിഷ്ടങ്ങളും വലിച്ചെറിയരുത്. അവ മൃഗസംരക്ഷണ വകുപ്പിന്റെ നിർദ്ദേശമനുസരിച്ച് സുരക്ഷിതമായി സംസ്കരിക്കുക.
 * പക്ഷികളുടെ കാഷ്ഠമോ മറ്റു സ്രവങ്ങളോ ശരീരത്തിൽ വിഴുകയോ മൃതശരീരം തൊടുകയോ ചെയ്യേണ്ടിവന്നാൽ ഉടൻതന്നെ സോപ്പ് ഉപയോഗിച്ച് കഴുകുകയോ കുളിക്കുകയോ ചെയ്യുക.
 * വളർത്തു പക്ഷികളുടെ കൂടു വൃത്തിയാക്കുമ്പോഴും മുട്ട മാംസം എന്നിവ കൈകാര്യം ചെയ്യുമ്പോഴും മാസ്ക്കും നീളമുള്ള കൈയ്യുറയും ധരിക്കുക.
 * കോഴി, താറാവ്, കാട തുടങ്ങിയ വളർത്തു പക്ഷികളുമായി കഴിയുന്നതും അകലം പാലിക്കുക.
 * വളർത്തു പക്ഷികളെ എടുക്കാനും താലോലിക്കാനും കുട്ടികളെ അനുവദിക്കരുത്.
 * പക്ഷികൾക്ക് പ്രകടമായ രോഗലക്ഷണങ്ങൾ ഇല്ലെങ്കിലും അടുത്തിടപഴകരുത്.
 * മുട്ട, മാംസം എന്നിവ നന്നായി സമയമെടുത്ത് വേവിച്ച് (70 ഡിഗ്രി സെൽഷ്യസിൽ അര മണിക്കൂർ) മാത്രം കഴിക്കുക.
 * രോഗലക്ഷണങ്ങൾ കണ്ടാൽ ആരോഗ്യപ്രവർത്തകരെ വിവരമറിയിക്കുക.
സ്വയം ചികിത്സ പാടില്ല മേൽ പറഞ്ഞ മുൻകരുതലുകളും പ്രതിരോധ നടപടികളും സ്വീകരിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) മലപ്പുറം

Previous Post Next Post