കൊല്ലം: ശ്രീ നാരായണഗുരു- മഹാത്മാഗാന്ധി മഹാംസംഗമ ശതാബ്ദിയാഘോഷ സമാപന ചടങ്ങിൽ പങ്കെടുത്ത് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാവിലെ നടന്ന ചടങ്ങ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയാണ് ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടന ചടങ്ങിൽ രാഹുല്‍ ഗാന്ധി ജനങ്ങളെ അഭിസംബോധന ചെയ്തു.
ഞാൻ ഇന്ത്യയുടെ ഭരണഘടനയ്ക്ക് വേണ്ടിയാണ് പോരാടുന്നതെന്നും നാരായണഗുരുവിന്റെ തത്വങ്ങൾ ഭരണഘടനയുടെ ഉള്ളടക്കത്തിൽ അടങ്ങിയത് അത്ഭുതകരമായി തോന്നിയെന്നും രാഹുൽ ഗാന്ധി പറഞ്ഞു. താഴെക്കിടയിലുള്ളവരെ പരിഗണിക്കണമെന്നാണ് ഭരണഘടനയിൽ പറയുന്നതെന്നും ശ്രീനാരായണഗുരു പറഞ്ഞതും അതുതന്നെയാണെന്ന് രാഹുൽ ഗാന്ധി ചൂണ്ടികാട്ടി. വിട്ടുവീഴ്ചയും ക്ഷമയുമാണ് ഭരണഘടനയുടെ അന്തസത്ത. ഗുരുവും അതാണ് പറഞ്ഞതെന്ന് അദേഹം വ്യക്തമാക്കി.സത്യത്തെ കുറിച്ചാണ് ഗാന്ധിയും ഗുരുവും സംസാരിച്ചത്. നാരായണ ഗുരുവിന്റെ പ്രതിമയുടെ മുന്നിൽ വന്ന് പുഷ്പാർച്ചന നടത്താൻ എളുപ്പമാണ്, അത് ആർക്കും ചെയ്യാൻ പറ്റും. പക്ഷേ ഗുരുവിന്റെ തത്വങ്ങൾ വിരിച്ച പാതയിലൂടെ സഞ്ചരിക്കുകയാണ് വേണ്ടതെന്നും രാഹുൽ ഗാന്ധി ചൂണ്ടികാട്ടി.
ശ്രീനാരായണഗുരുവും ഗാന്ധിജിയും എതിർത്ത കാര്യങ്ങളാണ് രാഷ്ട്രീയത്തിൽ നടക്കുന്നതെന്നും അദേഹം വിമർശിച്ചു. രാഷ്ട്രീയത്തിൽ മാത്രമല്ല രാജ്യാന്തര സ്ഥിതി വിശേഷത്തിലും ആളുകൾ ഇരുട്ടിലേക്ക് കൂപ്പുകുത്തുന്നെന്നും അദേഹം വിമർശിച്ചു. അപരനെ മനസ്സിലാക്കാനോ ഉൾക്കൊള്ളാനോ ശ്രമിക്കുന്നില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഗുരുവിന്റെ തത്വങ്ങൾ സ്വീകരിക്കാനും അതിലൂടെ സഞ്ചരിക്കാനും തയ്യാറാകണമെന്നും അധികാരശക്തിയോ മേധാവിത്വമോ ഇല്ലാത്ത ഗാന്ധിജിയെ മാതൃകയാക്കണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.