കോട്ടക്കൽ നഗരസഭ വേറിട്ട മാതൃക സൃഷ്ടിക്കുന്നു : സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ പാണക്കാട്
കോട്ടക്കൽ: ഹൈദരലി ശിഹാബ് തങ്ങൾ ഫൗണ്ടേഷൻ ഫോർ സോഷ്യൽ എംപവർമെന്റ് സംഘടിപ്പിച്ച ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും സാമൂഹിക സേവന പരിപാടിയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങൾ. കോട്ടക്കൽ മുനിസിപ്പാലിറ്റിയിലെ കാൻസർ, ഡയാലിസിസ് രോഗികൾക്ക് പ്രതിമാസ പെൻഷൻ നൽകുന്ന ചെയർമാൻ വെൽഫെയർ പദ്ധതിയിലേക്ക് ഹൈദരലി ശിഹാബ് തങ്ങൾ ഫൗണ്ടേഷൻ 7,90,000.00 യാണ് ആദ്യ ഗഡുവായി കൈമാറിയത്.
നഗരസഭ ചെയർമാൻ കെ.കെ. നാസറിന്റെ നേതൃത്വത്തിൽ മുൻ കാലയളവിൽ ആരംഭിച്ച ഈ സാമൂഹിക പദ്ധതി തുടർന്നും ഫൗണ്ടേഷൻ വഴി നടപ്പിലാക്കുകയാണ്.
സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങൾക്കും ദുരിതം അനുഭവിക്കുന്നവർക്കും കൈത്താങ്ങാകുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഫൗണ്ടേഷൻ, വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, സാമൂഹ്യക്ഷേമം, സാമ്പത്തിക ശാക്തീകരണം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ മേഖലകളിൽ ഘട്ടം ഘട്ടമായി വിവിധ പദ്ധതികൾ നടപ്പാക്കുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് സൗജന്യ വിദ്യാഭ്യാസ സഹായവും, സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി പിന്നാക്ക വിഭാഗങ്ങൾക്കും വൈകല്യമുള്ളവർക്കും പിന്തുണ നൽകുകയും ചെയ്യുന്നു.
കഴിഞ്ഞ വർഷം ആയിരത്തോളം അർഹതപ്പെട്ട കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തിരുന്നു. അതിന്റെ തുടർച്ചയായി, കഴിഞ്ഞ ആഴ്ച കിടപ്പ് രോഗികൾക്കും ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു. ചടങ്ങിൽ
ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി., പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ., കെ.കെ. നാസർ, മുസ്തഫ പുളിക്കൽ, സാജിദ് മങ്ങാട്ടിൽ, ജഹ്ഫർ കുഞ്ഞു എന്നിവർ പ്രസംഗിച്ചു. ഹൈദരലി ശിഹാബ് തങ്ങളുടെ സ്മരണകൾ അനുസ്മരിച്ച് അബ്ദുസ്സമദ് പൂക്കോട്ടൂർ അനുസ്മരണ പ്രഭാഷണം നടത്തി. സ്വാമി ആത്മദാസ് യാമി മുഖ്യാതിഥിയായിരുന്നു .ഇബ്രാഹീം ഹാജി കീഴേടത്ത്, ചെമ്മുക്കൻ യാഹു മോൻ ഹാജി,സിപിഎം തങ്ങൾ, ഷബീർ കാലൊടി, കെ എം ഖലീൽ, അബു കൂരിയാട്, ശിഹാബ് ആമ്പാറ എന്നിവർ സംസാരിച്ചു.
പരിപാടിയിൽ വിവിധ രാഷ്ട്രീയ-സാമൂഹിക സംഘടനകളിലെ നേതാക്കളും മുനിസിപ്പൽ കൗൺസിലർമാരും, മുസ്ലിം ലീഗ്, യൂത്ത് ലീഗ് ഭാരവാഹികളും പ്രവർത്തകരും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.