ന്യൂഡൽഹി/കോഡൂർ: രാജ്യത്ത് വാണിജ്യാവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ വർദ്ധനവ് രേഖപ്പെടുത്തി. പൊതുമേഖലാ എണ്ണക്കമ്പനികൾ പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം സിലിണ്ടറിന് 29 രൂപയാണ് വർദ്ധിപ്പിച്ചത്. ഇതോടെ 19 കിലോയുടെ വാണിജ്യ സിലിണ്ടറുകളുടെ പുതുക്കിയ വില 1776 രൂപയായി ഉയർന്നു.
അതേസമയം, ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ നിലവിൽ മാറ്റമില്ല എന്നത് ആശ്വാസകരമാണ്. എല്ലാ മാസവും ഒന്നാം തീയതി നടത്തുന്ന വില പുതുക്കലിന്റെ ഭാഗമായാണ് വാണിജ്യ സിലിണ്ടറുകളുടെ നിരക്ക് വർദ്ധിപ്പിച്ചത്.
ഹോർമുസ് കടലിടുക്ക് അടച്ചു; ലോകം പ്രതിസന്ധിയിലേക്ക്?
ആഗോളതലത്തിൽ ഇന്ധന വിപണിയെ വരുംദിവസങ്ങളിൽ കടുത്ത പ്രതിസന്ധിയിലാക്കാൻ സാധ്യതയുള്ള നീക്കവുമായി ഇറാൻ രംഗത്തെത്തി. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് (Strait of Hormuz) ഇറാൻ പൂർണ്ണമായും അടച്ചതായാണ് റിപ്പോർട്ടുകൾ. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം അതീവ ഗുരുതരമായി തുടരുന്നതിനിടയിലാണ് ഇത്തരമൊരു കടുത്ത തീരുമാനം.
ലോകത്തെ മൊത്തം എണ്ണ വ്യാപാരത്തിന്റെ അഞ്ചിലൊന്ന് ഭാഗവും കടന്നുപോകുന്ന ഈ പാത അടച്ചതോടെ, അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുത്തനെ ഉയരാൻ സാധ്യതയുണ്ട്. ഇറാനിയൻ റെവല്യൂഷണറി ഗാർഡ് കോർപ്സ് മേഖലയിലൂടെയുള്ള കപ്പൽ ഗതാഗതം പൂർണ്ണമായും തടഞ്ഞത് ആഗോള സമ്പദ്‌വ്യവസ്ഥയെ തന്നെ ബാധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്
രാജ്യത്ത് വാണിജ്യ സിലിണ്ടർ വില വർദ്ധിപ്പിച്ചു; ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ; ആഗോള ഇന്ധന വിപണി ആശങ്കയിൽ