കാരാട്ട് റസാഖ് മുസ്ലിം ലീഗിൽ തിരിച്ചെത്തി; പത്ത് വർഷത്തെ ഇടത് ബന്ധം അവസാനിപ്പിച്ചു.
പാണക്കാട്: കൊടുവള്ളി മുൻ എം.എൽ.എ കാരാട്ട് റസാഖ് ഇടതുപക്ഷവുമായുള്ള പത്ത് വർഷത്തെ സഹകരണം അവസാനിപ്പിച്ച് മുസ്ലിം ലീഗിൽ തിരിച്ചെത്തി. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളിൽ നിന്നും അദ്ദേഹം ഔദ്യോഗികമായി പാർട്ടി അംഗത്വം സ്വീകരിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടി, ഡോ. എം.കെ. മുനീർ തുടങ്ങിയ പ്രമുഖ ലീഗ് നേതാക്കൾ അദ്ദേഹത്തെ സ്വീകരിച്ചു.
ഇടതുപക്ഷത്ത് നിന്നും നേരിട്ട അവഗണനയിൽ പ്രതിഷേധിച്ചാണ് തന്റെ മടക്കമെന്ന് കാരാട്ട് റസാഖ് വ്യക്തമാക്കി. എൽ.ഡി.എഫ് സർക്കാർ നൽകിയ മദ്റസ ക്ഷേമനിധി ബോർഡ് ചെയർമാൻ സ്ഥാനം അദ്ദേഹം നേരത്തെ രാജിവെച്ചിരുന്നു. താൻ മുൻകൈയെടുത്ത് കൊണ്ടുവന്ന പല വികസന പദ്ധതികളും കൃത്യമായി നടപ്പിലാക്കാൻ അനുവദിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.
2016-ൽ മുസ്ലിം ലീഗ് വിട്ട് ഇടത് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച റസാഖിന്റെ മടങ്ങിവരവ് മലബാറിലെ യു.ഡി.എഫ് രാഷ്ട്രീയത്തിന് വലിയ കരുത്താകും. വരും ദിവസങ്ങളിൽ കൊടുവള്ളി ഉൾപ്പെടെയുള്ള മേഖലകളിൽ കൂടുതൽ രാഷ്ട്രീയ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് സൂചന