HEADLINES
വാർത്തകൾ ലോഡ് ചെയ്യുന്നു...

Top News

അമേരിക്കയുമായി ചർച്ചയ്ക്കില്ല; അഞ്ച് വർഷം പൊരുതാനും സജ്ജമെന്ന് ഇറാൻ

അമേരിക്കയുമായി ചർച്ചയ്ക്കില്ല; അഞ്ച് വർഷം പൊരുതാനും സജ്ജമെന്ന് ഇറാൻ

​ന്യൂഡൽഹി: പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളവെ, സമാധാന ചർച്ചകൾക്കായി ഇറാൻ തങ്ങളെ സമീപിച്ചെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവന തള്ളി ഇറാൻ രംഗത്ത്. അമേരിക്കയുമായി യാതൊരുവിധത്തിലുള്ള ചർച്ചകൾക്കും ഇപ്പോൾ താല്പര്യമില്ലെന്നും, ആവശ്യമെങ്കിൽ അഞ്ച് വർഷം വരെ യുദ്ധം തുടരാൻ രാജ്യം സജ്ജമാണെന്നും ഇറാന്റെ പരമോന്നത നേതാവിന്റെ ഇന്ത്യയിലെ പ്രതിനിധി അബ്ദുൾ മജിദ് ഹക്കീം ഇലാഹി വ്യക്തമാക്കി.
​മുൻപ് ഒപ്പിട്ട പല കരാറുകളും ലംഘിച്ച് അമേരിക്ക തന്നെ ആക്രമണങ്ങൾക്ക് തുടക്കമിട്ട സാഹചര്യത്തിൽ ഇനിയൊരു ഒത്തുതീർപ്പിന് താല്പര്യമില്ലെന്നാണ് ഇറാന്റെ നിലപാട്. വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇറാന്റെ സ്വാതന്ത്ര്യവും അഭിമാനവും സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്നും, ദീർഘകാല യുദ്ധങ്ങളെ അതിജീവിച്ച ചരിത്രം ഇറാന്റെ കരുത്താണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
​ഇറാൻ കീഴടങ്ങാൻ ഒരുക്കമാണെന്ന ട്രംപിന്റെ വാദം അടിസ്ഥാനരഹിതമാണെന്ന് ഇലാഹി പറഞ്ഞു. "അമേരിക്കയാണ് ഈ യുദ്ധത്തിന് തുടക്കമിട്ടത്. അവരുമായി നടത്തിയ മുൻകാല ചർച്ചകൾക്ക് ശേഷം രാജ്യം ആക്രമിക്കപ്പെട്ട അനുഭവം ഞങ്ങളുടെ മുന്നിലുണ്ട്. അതുകൊണ്ട് തന്നെ ചർച്ചകൾക്ക് ഇപ്പോൾ പ്രസക്തിയില്ല," അദ്ദേഹം കൂട്ടിച്ചേർത്തു. എത്ര കാലം സംഘർഷം നീണ്ടുനിന്നാലും പ്രതിരോധിക്കാൻ തയ്യാറാണെന്ന മുന്നറിയിപ്പാണ് ഇറാൻ ഇതിലൂടെ നൽകുന്നത്

Previous Post Next Post