ആനക്കര: ആനക്കര ഹൈസ്കൂളിലെ 1984-85 എസ്.എസ്.എൽ.സി ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികൾ 'ഓർമ്മ@85' എന്ന പേരിൽ സംഘടിപ്പിച്ച ഒത്തുചേരൽ ആനക്കര ഹൈസ്കൂൾ അങ്കണത്തിൽ നടന്നു. പൂർവ്വ വിദ്യാർത്ഥികളുടെ കുടുംബാംഗങ്ങളെയും ഉൾപ്പെടുത്തി വിപുലമായ രീതിയിലാണ് ഇത്തവണ പരിപാടി സംഘടിപ്പിച്ചത്.
സെക്രട്ടറി കെ.പി. രാമദാസ് സ്വാഗതം ആശംസിച്ച ചടങ്ങിൽ കെ.വി. വേണുഗോപാൽ അധ്യക്ഷനായിരുന്നു. ആനക്കര ഹൈസ്കൂളിന്റെ പ്രാരംഭകാലഘട്ടത്തെക്കുറിച്ചും ഇന്നത്തെ വിദ്യാഭ്യാസ-സാമൂഹിക സാഹചര്യങ്ങളെക്കുറിച്ചും ചടങ്ങിൽ ചർച്ചകൾ നടന്നു. പ്രശസ്ത പ്രഭാഷകൻ വി.കെ. സുരേഷ് ബാബു പരിപാടി ഉദ്ഘാടനം ചെയ്തു. നിരാലംബരായ മനുഷ്യരുടെ കണ്ണീരൊപ്പാനും പരസ്പരം താങ്ങും തണലുമായി മുന്നോട്ട് പോകാനും പുതിയ തലമുറയെ ചേർത്ത് നിർത്തി സ്നേഹം പങ്കുവെച്ച് ജീവിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.
അനുമോദനങ്ങളും കലാപരിപാടികളും
വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി വിദ്യാർത്ഥികളെയും സംസ്ഥാനതലത്തിൽ വിജയികളായ വ്യക്തികളെയും ചടങ്ങിൽ അനുമോദിച്ചു. വളാഞ്ചേരി ഓൺലൈൻ മാധ്യമ പ്രവർത്തകൻ ഖാലിദ് തൊട്ടിയാനെയും ആദരിച്ചു.
നീലകണ്ഠൻ, ശ്യാം സുന്ദർ, പത്മാവതി, അബ്ദുൾ മജീദ്, ഉണ്ണികൃഷ്ണൻ, ശബരി ഗിരീഷ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം പൂർവ്വ വിദ്യാർത്ഥികളുടെ കലാപരിപാടികൾ അരങ്ങേറി.
പുതിയ കമ്മിറ്റിയുടെ ഭാരവാഹികളായി രാമദാസ് (സെക്രട്ടറി), വേണുഗോപാൽ (പ്രസിഡന്റ്), നീലകണ്ഠൻ (ട്രഷറർ) എന്നിവരെയും പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും ചടങ്ങിൽ തിരഞ്ഞെടുത്തു.