കൊളംബോ: ഏഷ്യാകപ്പിലെ വാശിയേറിയ പോരാട്ടങ്ങൾക്ക് പിന്നാലെ, വനിതാ ലോകകപ്പിലും ഇന്ത്യയും പാകിസ്ഥാനും ഇന്ന് ഏറ്റുമുട്ടുന്നു. ശ്രീലങ്കയിലെ കൊളംബോ പ്രേമദാസ സ്റ്റേഡിയമാണ് ഹൈ-വോൾട്ടേജ് മത്സരത്തിന് വേദിയാകുക. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 3 മണിക്കാണ് മത്സരം ആരംഭിക്കുന്നത്.
ടൂർണമെന്റിൽ ഇരുടീമുകളുടെയും മുൻ മത്സരങ്ങളിലെ പ്രകടനം പരിഗണിക്കുമ്പോൾ ഇന്ത്യക്ക് വ്യക്തമായ മുൻതൂക്കമുണ്ട്. തങ്ങളുടെ ആദ്യ മത്സരത്തിൽ ശ്രീലങ്കയെ 59 റൺസിന് പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യൻ വനിതകൾ ഇന്ന് കളത്തിലിറങ്ങുന്നത്. എന്നാൽ, പാകിസ്ഥാൻ ടീമിന് കനത്ത തിരിച്ചടിയാണ് നേരിട്ടത്; അവർ ബംഗ്ലാദേശിനോട് ഏഴ് വിക്കറ്റിന്റെ ദയനീയ പരാജയം ഏറ്റുവാങ്ങിയാണ് എത്തുന്നത്.
വനിതാ ഏകദിന ക്രിക്കറ്റിന്റെ ചരിത്രമെടുത്താൽ ഇന്ത്യക്കെതിരെ പാകിസ്ഥാന് ഇതുവരെ ഒരു വിജയം നേടാൻ കഴിഞ്ഞിട്ടില്ല. മൊത്തത്തിൽ, ഇന്ത്യൻ ടീമിനെ അപേക്ഷിച്ച് പാകിസ്ഥാൻ താരതമ്യേന ദുർബലരാണ്.