26-ാമത് ലോക കാഴ്ച ദിനം മലപ്പുറം ജില്ലാ തല ഉദ്ഘാടനം ആരോഗ്യവകുപ്പിന്റെയും ആരോഗ്യകേരളത്തിന്റെയും ജില്ലാ അന്ധതാ നിവാരണ സൊസൈറ്റിയുടെയും, ബി.എഫ്.സി സോഷ്യല്‍ ക്ലബ് ചെമ്പല്‍കാടിന്റേയും സംയുക്താഭിമുഖ്യത്തില്‍ മമ്പാട് തോട്ടിന്‍കര ഓഡിറ്റോറിയത്തില്‍ വെച്ച് വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹസ്‌ക്കര്‍ ആമയൂര്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ മമ്പാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ശ്രീനിവാസന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.ആര്‍ രേണുക മുഖ്യ പ്രഭാഷണം നടത്തി. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.ടി.എന്‍ അനൂപ് മുഖ്യ സന്ദേശം നല്‍കി. "നിങ്ങളുടെ കണ്ണുകളെ സ്‌നേഹിക്കൂ" എന്നതായിരുന്നു മുഖ്യ സന്ദേശം.അന്ധത, കാഴ്ചയുമായി ബന്ധപ്പെട്ട അസുഖങ്ങൾ എന്നിവയെ കുറിച്ച് ബോധവൽക്കരണം നടത്തുന്നതിനും, ചികിത്സിച്ചു മാറ്റാവുന്നതും പ്രതിരോധിക്കാവുന്നതുമായ അന്ധതമൂലം ദുരിതമനുഭവിക്കുന്നവരെ കാഴ്ചയുടെ ലോകത്തേക്ക് കൊണ്ടുവരുന്നതിനായി ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ 2000 മുതൽ എല്ലാ വർഷവും ഒക്ടോബർ മാസത്തിലെ രണ്ടാമത്തെ വ്യാഴാഴ്ച ലോക കാഴ്ച ദിനമായി ആചരിക്കുന്നു.
കുഞ്ഞുങ്ങളിലെ കാഴ്ച തകരാറുകൾ, കൃത്യസമയത്ത് ചികിത്സ ഉറപ്പാക്കാത്തത് മൂലം ഗുരുതരമാകുന്ന നേത്രരോഗങ്ങൾ, പ്രായാധിക്യം കൊണ്ട് സ്വാഭാവികമായി ഉണ്ടാകുന്ന കാഴ്ച തകരാറുകൾ, തുടങ്ങി പ്രത്യേക പരിഗണന വേണ്ട കാര്യങ്ങൾ ഏറെയുണ്ട്.
ശരിയായ കാഴ്ചയും പ്രതിബിംബ രൂപീകരണവും വികാസഘട്ടത്തിൽ ആശയരൂപീകരണത്തിനും ബുദ്ധിവികാസത്തിനും അടിസ്ഥാനമാകുന്നു .പഠനത്തിൽ പിന്നോട്ട് പോകുന്ന പല സാഹചര്യങ്ങളുടെയും അടിസ്ഥാന കാരണം കാഴ്ച തകരാർ ആണെങ്കിൽ എത്രയും നേരത്തെ തിരിച്ചറിയേണ്ടത് അധ്യാപകരുടെയും രക്ഷിതാക്കളുടെയും ഉത്തരവാദിത്തമാണ്.
കഴിക്കുന്നതിലും കാര്യമുണ്ട് ...
പോഷക പൂർണമായ ആഹാരം ഏതൊരു ശാരീരിക വ്യവസ്ഥയുടെയും മെച്ചപ്പെടലിന് എന്നതുപോലെതന്നെ കണ്ണിൻറെ ആരോഗ്യത്തിനും ആവശ്യമാണ്. ഇലക്കറികൾ,ഒമേഗ 3 സമ്പുഷ്ടമായ ഭക്ഷണപദാർത്ഥങ്ങൾ, നട്ട്സ്, പലനിറങ്ങകളിലു ള്ള പച്ചക്കറികൾ.... തുടങ്ങിയവ ആഹാരത്തിൽ കണ്ണിനെ ഓർത്തും ഉൾപ്പെടുത്തേണ്ടതാണ്.
പ്രമേഹം, രക്താതിമർദ്ദം തുടങ്ങിയ ജീവിതശൈലി രോഗങ്ങൾ നയിക്കുന്ന ഡയബറ്റിക് റെറ്റിനോപ്പതി, ഹൈപ്പർ ടെൻസീവ് റെറ്റിനൊപ്പതി എന്നിവ ഇടയ്ക്ക് നടത്തുന്ന നേത്രപരിശോധനയിലൂടെ തിരിച്ചറിയാൻ കഴിയുന്നതും വേണ്ട ചികിത്സ സ്വീകരിക്കാൻ കഴിയുന്നതും ആണ്. കണ്ണിലെ മർദ്ദം വർദ്ധിക്കുന്ന ഗ്ലോക്കോമ കാഴ്ചയുടെ നിശബ്ദ കൊലയാളി എന്നാണ് അറിയപ്പെടുന്നത്. ഗുരുതരമായാൽ കാഴ്ച നഷ്ടപ്പെടുന്ന അവസ്ഥയിൽ നിന്ന് മടങ്ങിവരാനാവില്ല . അതുകൊണ്ടുതന്നെ 40 വയസ്സ് കഴിഞ്ഞവർ കണ്ണിലെ മർദ്ദം പരിശോധിക്കേണ്ടതുണ്ട്
പ്രായം കൂടുന്നതിന്റെ ഭാഗമായി ഭൂരിപക്ഷം പേർക്കും ഉണ്ടാകുന്ന പ്രസ് ബയോപ്പിയ അഥവാ വെള്ളെഴുത്ത് ശരിയായ ലെൻസ് ഉപയോഗിച്ച് ലളിതമായി പരിഹരിക്കാവുന്നതാണ്. എന്നാൽ ഒരു നേത്ര പരിശോധനയ്ക്ക് സന്നദ്ധമാകാതെ വായിക്കുന്നതിന്റെ ദൂരം സ്വയം ക്രമീകരിച്ചും ഫോക്കസ് ക്രമീകരിക്കുന്നതിനായി കണ്ണു ചുരുക്കി വായിക്കുന്നതും മറ്റും കാഴ്ച കൂടുതൽ മോശമാകാൻ ഇടയാക്കുന്നു.
വാർദ്ധക്യത്തിലെ കാഴ്ചകൾക്ക് വയസ്സാകാതിരിക്കാൻ തിമിര പരിശോധന നടത്തേണ്ടതും സമയബന്ധിതമായി ശസ്ത്രക്രിയയ്ക്ക് വിധേയമാകേണ്ടതുമാണ്.
ജില്ലയിലെ താലൂക്ക് ആശുപത്രികൾ, ജില്ലാ ആശുപത്രികൾ എന്നിവിടങ്ങളിൽ സ്ഥിരമായി നേത്ര പരിശോധനാ വിഭാഗം പ്രവർത്തിക്കുന്നു. എല്ലാ സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിലും കണ്ണിൻറെ പ്രാഥമിക പരിശോധനകൾ ഉറപ്പാക്കുന്ന ഒപ്റ്റോ മെട്രിസ്റ്റുകളുടെ സേവനമുണ്ട്.തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ഓഫ്താല്‍മിക് സര്‍ജന്‍ ഡോ.രാഖി സുരേഷ് ബോധവല്‍ക്കരണ ക്ലാസ്സ് എടുത്തു. മമ്പാട് ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികള്‍ ആശംസകള്‍ അര്‍പ്പിച്ചു. ബി.എഫ്.സി സോഷ്യല്‍ ക്ലബ് ജനറല്‍ സെക്രട്ടറി ശ്രീ.ശംസുദ്ദീന്‍ സ്വാഗതവും, ജില്ലാ ഓഫ്താല്‍മിക് കോര്‍ഡിനേറ്റര്‍ ശ്രീമതി.സുനിത നന്ദിയും പറഞ്ഞു. തുടര്‍ന്നു നടത്തിയ നേത്ര പരിശോധന ക്യാമ്പില്‍ ഇരുന്നോറോളം രോഗികള്‍ പങ്കെടുത്തു. ജില്ലയിലെ വിവിധ സ്ഥാപനങ്ങളില്‍ നിന്നായി 15-ാേളം ഒപ്‌റ്റോമെട്രിസ്റ്റുമാരും ഡോക്ടര്‍മാരും ക്യാമ്പിന് നേതൃത്വം നല്‍കി.