മലപ്പുറം: ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ രേണുക നാളെ (31/10/2025) വിരമിക്കും. 26 വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ രേണുക നാളെ വിരമിക്കും. 1985 കോട്ടയം ഗവ. മെഡിക്കൽ കോളേജിൽ നിന്നും എം ബി ബി എസ് പൂർത്തിയാക്കി. 1999-ൽ കല്ലുവാതുക്കൽ ഇ എസ് ഐ ഹോസ്പിറ്റലിൽ മെഡിക്കൽ ഓഫീസർ ആയിട്ടാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. ഇതേ വർഷം തന്നെ ആരോഗ്യവകുപ്പിൽ ജോലി ലഭിച്ചതിനെത്തുടർന്ന് മലപ്പുറം ജില്ലയിലെ കീഴാറ്റൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ മെഡിക്കൽ ഓഫീസർ ആയി ചുമതലയേറ്റു. തുടർന്ന് പാണ്ടിക്കാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും സേവനം അനുഷ്ഠിച്ചു. ഈ കാലയളവിൽ പാണ്ടിക്കാട് പഞ്ചായത്തിൽ തുടക്കം കുറിച്ച ജീവിതശൈലി രോഗ നിയന്ത്രണ പരിപാടി സംസ്ഥാന ആരോഗ്യ വകുപ്പിന്റെ പ്രത്യേക ശ്രദ്ധ നേടി.
സ്ഥാനക്കയറ്റം ലഭിച്ചതിനെ തുടർന്ന് 2010 ൽ മലപ്പുറത്ത് ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസറായി നിയമിതയായി. പിന്നീട് ജില്ലാ ആർ സി എച്ച് ഓഫീസർ ആയും സേവനം അനുഷ്ഠിച്ചു. ജില്ലയിലെ പ്രതിരോധ കുത്തിവെപ്പ് ശാക്തീകരണത്തിൽ സമൂഹ്യപങ്കാളിത്തം ഉറപ്പുവരുത്തുന്നതിൽ ആർ സി എച്ച് ഓഫീസർ എന്ന നിലയിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.
ഡെപ്യൂട്ടി ഡയറക്ടർ ആയി സ്ഥാനക്കയറ്റം ലഭിച്ചതിനെ തുടർന്ന് 2018 വയനാട് ജില്ലാ മെഡിക്കൽ ഓഫീസർ ആയി ചുമതലയേറ്റു. വയനാട് ജില്ലയിലെ പ്രളയ ദുരന്ത നിവാരണത്തിനും ജില്ലയിലെ കോവിഡ് മഹാമാരിയെ നേരിടുന്നതിനും വേണ്ടി മുൻനിരയിൽ നിന്ന് പ്രവർത്തിച്ചിട്ടുണ്ട്.
2021 നവംബറിൽ മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസറായി നിയമിതയായ ഡോ. ആർ രേണുക ജില്ലയിലെ ആരോഗ്യ കുടുംബ ക്ഷേമ രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ ജനകീയ ഇടപെടലിന് സാഹചര്യം ഒരുക്കിക്കൊണ്ട് ഈ രംഗത്ത് മികച്ച നേട്ടം ജില്ലയ്ക്ക് കൈവരിക്കാൻ നേതൃത്വം നൽകി. ജില്ലയിലെ ഹോം ഡെലിവറി ഗണ്യമായി കുറച്ചതിന് സംസ്ഥാന ആരോഗ്യവകുപ്പിന്റെ പുരസ്കാരം ലഭിച്ചിട്ടുണ്ട്. കൂടാതെ നിപ്പ് നിയന്ത്രണ പ്രവർത്തനത്തിനും ആരോഗ്യവകുപ്പിന്റെ പ്രശംസ നേടിയിട്ടുണ്ട്.
ദേശീയ ആരോഗ്യ ദൗത്യം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കൂടിയാണ് ഇദ്ദേഹം. രോഗികളോടുള്ള സമീപനം കൊണ്ട് ജനപ്രിയ ഡോക്ടറും ജീവനക്കാരോടുള്ള ഇടപെടലിലെ സവിശേഷത കൊണ്ട് ജനകീയ ഡി എം ഓ എന്ന പേരും നേടിക്കൊണ്ടാണ് ആരോഗ്യവകുപ്പിൽ നിന്ന് ഡോ. ആർ രേണുക പടിയിറങ്ങുന്നത്. കോട്ടയം സ്വദേശിയായ ഡോക്ടർ ഇപ്പോൾ പെരിന്തൽമണ്ണ കീഴാറ്റൂർ നിവാസിയാണ്.