താനൂര്‍ ബോട്ടപകടം: ജസ്റ്റിസ് മോഹനന്‍ കമ്മീഷന്റെ രണ്ടാംഘട്ട പൊതു തെളിവെടുപ്പും ഹിയറിംഗും സമാപിച്ചു
താനൂര്‍ തൂവല്‍ തീരം ബീച്ചില്‍ 2023 മെയ് ഏഴിന് നടന്ന ബോട്ട് അപകടത്തിനിടയാക്കിയ കാരണങ്ങളെക്കുറിച്ചും ഭാവിയില്‍ ഇത്തരം ദുരന്തങ്ങള്‍ ഒഴിവാക്കാനുള്ള നടപടികള്‍ സംബന്ധിച്ചും അന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് വി.കെ. മോഹനന്‍ കമ്മീഷന്റെ രണ്ടാംഘട്ട പൊതു തെളിവെടുപ്പും ഹിയറിങ്ങും സമാപിച്ചു.
പുതിയ ബോട്ടുകള്‍ക്ക് നല്‍കിവരുന്ന ലൈസന്‍സ് സമ്പ്രദായം കൂടുതല്‍ കര്‍ക്കശമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുക, ബോട്ട് ഫിറ്റ്‌നസ് പരിശോധനക്ക് ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരുടെ സേവനം പ്രയോജനപ്പെടുത്തുക, ബോട്ടില്‍ സഞ്ചരിക്കുന്നവരുടെ തിരിച്ചറിയല്‍ രേഖ വാങ്ങുകയും ആളുകളുടെ എണ്ണത്തില്‍ കൃത്യത പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയും ചെയ്യുക, താനൂര്‍ പാലം പുനര്‍നിര്‍മിക്കുക, രക്ഷാപ്രവര്‍ത്തനത്തിന് വേണ്ട ഉപകരണങ്ങളും ആളുകളും ബോട്ട് സര്‍വീസ് നടത്തുന്ന സ്ഥലങ്ങളില്‍ ഉണ്ടെന്ന് ഉറപ്പാക്കുക, ബോട്ട് യാത്രക്കാരുടെ ശ്രദ്ധക്ക് നോട്ടീസ് ബോര്‍ഡ് സ്ഥാപിക്കുക, കുട്ടികള്‍ക്ക് നീന്തല്‍ പരിശീലനം നല്‍കുന്നതിന് പ്രാദേശികഭരണകൂടങ്ങള്‍ സൗകര്യമൊരുക്കുക, ജലാശയ അപകടങ്ങള്‍ക്കെതിരെ ക്യാമ്പയിന്‍ സംഘടിപ്പിക്കുക എന്നിങ്ങനെയുള്ള നിര്‍ദ്ദേശങ്ങളാണ് തെളിവെടുപ്പില്‍ ഉയര്‍ന്നത്.
സെപ്റ്റംബര്‍ 10 മുതല്‍ തുടങ്ങിയ പൊതു തെളിവെടുപ്പിലൂടെ ജലഗതാഗത മേഖലയില്‍ അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിന് സ്വീകരിക്കേണ്ട പരിഹാര മാര്‍ഗങ്ങള്‍ ശുപാര്‍ശ ചെയ്യുക, നിലവിലുള്ള ലൈസന്‍സിങ് എന്‍ഫോഴ്‌സ്‌മെന്റ് സംവിധാനങ്ങള്‍ പര്യാപ്തമാണോയെന്ന് പരിശോധിക്കുക, മുന്‍കാലങ്ങളിലുണ്ടായ ബോട്ട് അപകടങ്ങളെ തുടര്‍ന്ന് നിയോഗിച്ച അന്വേഷണ കമ്മീഷനുകള്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ സ്വീകരിച്ച നടപടികള്‍ അവലോകനം ചെയ്യുക തുടങ്ങിയവയാണ് ലക്ഷ്യമിടുന്നത്.
അരീക്കോട് ഗ്രാമപഞ്ചായത്ത് എന്‍.വി. ഇബ്രാഹീം മാസ്റ്റര്‍ കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് നടന്ന ഹിയറിംഗില്‍ ജസ്റ്റിസ് വി.കെ. മോഹനന്‍ അധ്യക്ഷനായി. കമ്മീഷന്‍ അംഗങ്ങളായ കുസാറ്റ് ഷിപ് ബില്‍ഡിംഗ് ടെക്‌നോളജി വിഭാഗം റിട്ട. പ്രൊഫസര്‍ ഡോ. കെ.പി. നാരായണന്‍, കമ്മീഷന്‍ മെമ്പര്‍ സെക്രട്ടറി റിട്ട. ജില്ലാ ജഡ്ജി ടി.കെ. രമേഷ് കുമാര്‍, കോര്‍ട്ട് ഓഫീസര്‍ റിട്ട. മുന്‍സിഫ് മജിസ്‌ട്രേറ്റ് ജി. ചന്ദ്രശേഖരന്‍, കമ്മീഷന്‍ ജോയിന്റ് സെക്രട്ടറി ആര്‍. ശിവപ്രസാദ്, കമ്മീഷന്‍ അഭിഭാഷകന്‍ ടി.പി. രമേഷ്, ഡപ്യൂട്ടി കലക്ടര്‍ വി.ടി. ഘോളി, ഏറനാട് തഹസില്‍ദാര്‍ എം. മുകുന്ദന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ. സരിത കുമാരി, പഞ്ചായത്ത് പ്രസിഡന്റ് നൗഷര്‍ കല്ലട, ജനപ്രതിനിധികള്‍, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.