Top News

​നിരോധിത മേഖലയിലെ പുകയില വിൽപ്പന: മലപ്പുറം നഗരത്തിൽ 16 കടകൾക്കെതിരെ നടപടി; ₹13,800 പിഴ ചുമത്തി

​നിരോധിത മേഖലയിലെ പുകയില വിൽപ്പന: മലപ്പുറം നഗരത്തിൽ 16 കടകൾക്കെതിരെ നടപടി; ₹13,800 പിഴ ചുമത്തി


​മലപ്പുറം: കേന്ദ്ര പുകയില ഉൽപ്പന്ന നിയന്ത്രണ നിയമം (COTPA) ലംഘിച്ചതിന് മലപ്പുറം നഗരത്തിലെ 16 കച്ചവടക്കാർക്കെതിരെ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡ് നടപടി സ്വീകരിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 100 വാര ചുറ്റളവിൽ പുകയില ഉൽപ്പന്നങ്ങൾ വിറ്റതിനും, നിരോധിത മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കാത്തതിനുമാണ് നടപടി. 
​മലപ്പുറം നഗരസഭയിലെ മുഴുവൻ വിദ്യാലയങ്ങളെയും സമ്പൂർണ്ണ പുകയില രഹിത സ്ഥാപനങ്ങളാക്കുന്നതിന്റെ ഭാഗമായാണ് ആരോഗ്യവകുപ്പും നഗരസഭ ആരോഗ്യവിഭാഗവും സംയുക്തമായി പരിശോധന നടത്തിയത്. കുന്നുമ്മൽ, കോട്ടപ്പടി ബസ്റ്റാൻഡ് പരിസരങ്ങളിലെ 16 കടകളിൽ നിന്നായി സിഗരറ്റ് അടക്കമുള്ള പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്ത് നശിപ്പിക്കുകയും 13,800 രൂപ പിഴ ചുമത്തുകയും ചെയ്തു. കൂടാതെ, പൊതു ഇടങ്ങളിൽ പുകവലിച്ചവർക്കെതിരെയും നടപടി സ്വീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. 
​പൊതു ഇടങ്ങളിൽ പുകവലിക്കുന്നതും, 18 വയസ്സിന് താഴെ പ്രായമുള്ളവർക്ക് പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നതും, പുകയില ഉൽപ്പന്നങ്ങളുടെ പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നതും നിയമപ്രകാരം ശിക്ഷാർഹമാണെന്ന് അധികൃതർ ഓർമ്മിപ്പിച്ചു. 
​ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി. ഫിറോസ്ഖാൻ, ടെക്നിക്കൽ അസിസ്റ്റന്റ് സി.കെ. സുരേഷ് കുമാർ, ജില്ലാ എജുക്കേഷൻ മീഡിയ ഓഫീസർ കെ.പി. സാദിഖ് അലി, സീനിയർ പബ്ലിക് ഇൻസ്‌പെക്ടർ സി.കെ. മുഹമ്മദ് ഹനീഫ, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ പി.കെ. മുനീർ, ഹെൽത്ത് സൂപ്പർവൈസർ കെ.പി. മുഹമ്മദ് ഇഖ്ബാൽ, ഹെൽത്ത് ഇൻസ്പെക്ടർ സി.കെ. അബ്ദുൽ ലത്തീഫ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ. ഫസീല എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.  

Previous Post Next Post