മലപ്പുറം: പാണായി പെരിമ്പലത്ത് കിണറിൽ വീണ യുവതിക്ക് രക്ഷകരായി മലപ്പുറം അഗ്നി രക്ഷാ സേന. ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് അപകടം സംഭവിച്ചത്.
പെരിമ്പലം കരിമ്പൻ വീട്ടിൽ ശകീറിന്റെ ഭാര്യ റസീന (36) ആണ് വീടിന് സമീപത്തെ പറമ്പിലെ ആൾമറയില്ലാത്ത കിണറിൽ അബദ്ധത്തിൽ വീണത്. ഏകദേശം നാൽപത് അടിയോളം താഴ്ചയുള്ള കിണറിൽ അപകടസമയത്ത് രണ്ടാൾ പൊക്കത്തിൽ വെള്ളമുണ്ടായിരുന്നു.
റസീന കിണറിൽ വീണതറിഞ്ഞ് ഓടിക്കൂടിയ ഭർത്താവും മറ്റ് രണ്ടുപേരും ചേർന്ന് രക്ഷിക്കാൻ കിണറിൽ ഇറങ്ങിയെങ്കിലും യുവതിയെ വലയിൽ മുകളിൽ എത്തിക്കാനുള്ള ശ്രമം വിഫലമായി. തുടർന്ന് വീട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് മലപ്പുറം അഗ്നി രക്ഷാസേന ഉടൻ സ്ഥലത്തെത്തി.
സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ മുഹമ്മദ് കുട്ടിയുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ കെ സി മുഹമ്മദ് ഫാരിസ്, അബ്ദുൽ ജബ്ബാർ, അബ്ദുള്ള, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവർ വി പി നിഷാദ്, ഹോം ഗാർഡ് പി രാജേഷ്, സിവിൽ ഡിഫെൻസ് അംഗം ലബീബ് തുടങ്ങിയവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
റെസ്ക്യൂ നെറ്റിന്റെ സഹായത്തോടെ യുവതിയെയും കിണറിൽ ഇറങ്ങിയ മറ്റുള്ളവരെയും സുരക്ഷിതമായി മുകളിലെത്തിച്ചു. അവശയായ യുവതിയെ ഉടൻതന്നെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു