പട്ടിക്കാട് റെയിൽവേ സ്റ്റേഷൻ വികസനവുമായി ബന്ധപ്പെട്ട് ചർച്ച നടത്തി
പെരിന്തൽമണ്ണ : പട്ടിക്കാട് റെയിൽവേ സ്റ്റേഷൻ വികസനവുമായി ബന്ധപ്പെട്ട് ഒബിസി മഞ്ച് ദേശീയ വൈസ് പ്രസിഡന്റ് ഹസൻ റഹ്‌മാൻ, പട്ടിക്കാട് റെയിൽവേ സ്റ്റേഷന്റെ ചുമതലയുള്ള ട്രെയിൻ ടൈം കൂട്ടായ്മ ചീഫ് കോ-ഓർഡിനേറ്റർ സലീം ചുങ്കത്ത് എന്നിവർ റെയിൽവേ പാലക്കാട് ഡിവിഷൻ മാനേജർ മധുക്കർ റോട്ടുമായി ചർച്ച നടത്തി. ഊട്ടി റോഡിൽ പട്ടിക്കാട് റെയിൽവേ ഗേറ്റിനോടു ചേർന്ന് റെയിൽവേ സ്റ്റേഷനിലേക്കുള്ള റോഡ് കാലങ്ങളായി ദുരവസ്ഥയിലാണ്. ഇത് ഗതാഗത യോഗ്യമാക്കാനും സ്റ്റേഷനിൽ യാത്രക്കാർക്ക് വെയ്റ്റിങ് ഷെൽട്ടറുകളും ഇരിപ്പിടങ്ങളും അനുവദിക്കാനും മറ്റ് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനും നടപടി വേണമെന്ന് ചർച്ചയിൽ ഉന്നയിച്ചു. ഈ ആവശ്യങ്ങൾ അനുഭാവപൂർവം വേഗത്തിൽ തന്നെ പരിഹരിക്കുമെന്ന് ഡിആർഎം ഉറപ്പ് നൽകിയതായി സലീം ചുങ്കത്ത് അറിയിച്ചു.