HEADLINES
വാർത്തകൾ ലോഡ് ചെയ്യുന്നു...

Top News

ജപ്പാനീസ് എൻസഫലൈറ്റിസ്: ജാഗ്രത വേണമെന്ന് ഡി.എം.ഒ; ജനുവരി മുതൽ കുട്ടികൾക്ക് സൗജന്യ വാക്സിൻ

 ജപ്പാനീസ് എൻസഫലൈറ്റിസ്: ജാഗ്രത വേണമെന്ന് ഡി.എം.ഒ; ജനുവരി മുതൽ കുട്ടികൾക്ക് സൗജന്യ വാക്സിൻ

മലപ്പുറം: ജില്ലയിൽ ജപ്പാനീസ് എൻസഫലൈറ്റിസിനെതിരെ (മസ്തിഷ്കജ്വരം) അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. റ്റി. കെ. ജയന്തി അറിയിച്ചു. കൊതുകുകൾ വഴി പകരുന്നതും തലച്ചോറിനെ ബാധിക്കുന്നതുമായ ഈ ഗുരുതര വൈറസ് രോഗം പ്രധാനമായും കുട്ടികളെയാണ് ബാധിക്കുന്നത്. രോഗം പിടിപെട്ടാൽ ഫലപ്രദമായ ചികിത്സ ലഭ്യമല്ലാത്തതിനാൽ പ്രതിരോധത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് ഡി.എം.ഒ വ്യക്തമാക്കി.
കുട്ടികൾക്ക് സൗജന്യ വാക്സിനേഷൻ
രോഗത്തെ പ്രതിരോധിക്കുന്നതിനായുള്ള സുരക്ഷിതവും വിലകൂടിയതുമായ വാക്സിൻ ജില്ലയിലെ 1 മുതൽ 15 വയസ്സുവരെയുള്ള എല്ലാ കുട്ടികൾക്കും ജനുവരി മുതൽ സൗജന്യമായി നൽകും. എല്ലാ രക്ഷിതാക്കളും കുട്ടികൾക്ക് ജെ.ഇ (JE) വാക്സിൻ നൽകുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. രോഗത്തെക്കുറിച്ചുള്ള ബോധവൽക്കരണ പരിപാടിയുടെ ജില്ലാതല പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡി.എം.ഒ.
രോഗലക്ഷണങ്ങൾ
 * തീവ്രമായ പനി, ശക്തമായ തലവേദന.
 * ബോധക്ഷയം, അപസ്മാരം.
 * അസ്വഭാവികമായ പെരുമാറ്റം.
പ്രതിരോധ മാർഗ്ഗങ്ങൾ
കൊതുകു കടി ഏൽക്കാതിരിക്കാൻ കൊതുകുവലകളും ലേപനങ്ങളും ഉപയോഗിക്കുക, വീടിന്റെ പരിസരത്ത് വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കാതെ കൊതുക് വളരുന്ന സാഹചര്യം ഒഴിവാക്കുക എന്നിവയാണ് പ്രധാന പ്രതിരോധ മാർഗ്ഗങ്ങൾ. കൂടാതെ പരിസര ശുചിത്വം പാലിക്കുകയും കുട്ടികൾക്ക് കൃത്യസമയത്ത് വാക്സിനുകൾ നൽകുകയും വേണം.
ജില്ലാ ആസൂത്രണ സമിതി ഹാളിൽ നടന്ന ചടങ്ങിൽ ഡെപ്യൂട്ടി ഡി.എം.ഒ ഡോ. എ. ഷിബുലാൽ അധ്യക്ഷത വഹിച്ചു. ജില്ലാ സർവ്വയലൻസ് ഓഫീസർ ഡോ. ഷുബിൻ സി പരിശീലനത്തിന് നേതൃത്വം നൽകി. ചടങ്ങിൽ ആരോഗ്യവകുപ്പിലെ വിവിധ ഉദ്യോഗസ്ഥരും പ്രോഗ്രാം മാനേജർമാരും പങ്കെടുത്തു.
Previous Post Next Post