റാഞ്ചിയിൽ നിന്ന് പറന്നുയർന്ന ചാർട്ടേഡ് വിമാനം കാണാതായി; വിമാനത്തിൽ ഏഴുപേർ.
റാഞ്ചി: ജാർഖണ്ഡിലെ റാഞ്ചി വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ചാർട്ടേഡ് വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമായി. ഏഴു യാത്രക്കാരുമായി പോയ മെഡിക്കൽ വിമാനമാണ് കാണാതായത്. വിമാനം കാണാതായ വിവരം ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) ഔദ്യോഗികമായി സ്ഥിരീകരിച്ചു.
തിങ്കളാഴ്ച രാത്രിയോടെയാണ് സംഭവം. റാഞ്ചി സ്റ്റേഷനിൽ നിന്ന് പറന്നുയർന്ന് തൊട്ടടുത്ത സ്റ്റേഷൻ പരിധിയിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടുമുമ്പാണ് വിമാനവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടത്. റഡാറിൽ നിന്ന് അപ്രത്യക്ഷമായി ഏകദേശം 20 മിനിറ്റ് പിന്നിട്ടിട്ടും വിമാനത്തെക്കുറിച്ച് വിവരങ്ങളൊന്നും ലഭ്യമല്ലെന്ന് അധികൃതർ അറിയിച്ചു.
ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഏഴ് പേരാണ് വിമാനത്തിലുണ്ടായിരുന്നതെന്നാണ് പ്രാഥമിക വിവരം. ഇതൊരു മെഡിക്കൽ ചാർട്ടർ വിമാനമാണെന്ന് ഡിജിസിഎ വ്യക്തമാക്കിയിട്ടുണ്ട്. വിമാനം എങ്ങോട്ടാണ് യാത്ര തിരിച്ചതെന്നോ ഏത് കമ്പനിയുടേതാണെന്നോ ഉള്ള കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
വിമാനം കണ്ടെത്താനുള്ള തിരച്ചിൽ നടപടികൾ ഊർജിതമാക്കിയതായി ഡിജിസിഎ അറിയിച്ചു. സംഭവത്തെക്കുറിച്ച് ജാർഖണ്ഡ് സംസ്ഥാന സർക്കാരിനെ അടിയന്തരമായി വിവരമറിയിച്ചിട്ടുണ്ട്. വിമാനത്തിന് എന്ത് സംഭവിച്ചു എന്നതിനെക്കുറിച്ച് നിലവിൽ സൂചനകളൊന്നുമില്ലാത്തത് ആശങ്ക വർധിപ്പിക്കുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളൂ.