വാഹന ഉടമകൾക്ക് വലിയ ആശ്വാസം; സംസ്ഥാനത്ത് ട്രാഫിക് പിഴകളിൽ പകുതി തുക അടച്ചാൽ മതി
തിരുവനന്തപുരം: സംസ്ഥാനത്തെ വാഹന ഉടമകൾക്ക് വലിയ ആശ്വാസവുമായി സർക്കാരിന്റെ പ്രഖ്യാപനം. ട്രാഫിക് നിയമലംഘനങ്ങളുടെ പേരിൽ വർഷങ്ങളായി കുമിഞ്ഞുകൂടിയ പിഴയിൽ പകുതി തുക മാത്രം അടച്ച് കേസുകൾ തീർപ്പാക്കാൻ സർക്കാർ അനുമതി നൽകി. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഇന്ന് പുറത്തിറങ്ങി.
30.12.2024-ന് മുൻപ് ചാർജ് ചെയ്ത ചെല്ലാനുകൾക്ക് മാത്രമാണ് ഇളവ് ബാധകമായിരിക്കുന്നത്. ഇളവ് ആനുകൂല്യം ലഭിക്കുന്നതിനായി 30.04.2026-നുള്ളിൽ തുക അടച്ചു തീർക്കേണ്ടതുണ്ട്. മോട്ടോർ വാഹന വകുപ്പിന്റെ ഔദ്യോഗിക പോർട്ടലായ services.mvd.kerala.gov.in വഴി ഉടമകൾ രജിസ്റ്റർ ചെയ്യണം എന്നും മോട്ടോർ വാഹന വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
ക്യാമറ പിഴകൾക്കും ആശ്വാസം
എഐ ക്യാമറകൾ വഴിയും മറ്റും ലഭിച്ച പിഴകൾ അടയ്ക്കാത്തത് കാരണം ആർ.സി പുതുക്കൽ (RC Renewal), ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ്, ഉടമസ്ഥാവകാശ കൈമാറ്റം (Ownership Transfer) എന്നിവ തടസ്സപ്പെട്ടവർക്ക് ഈ തീരുമാനം വലിയ തുണയാകും. ക്യാമറ പിഴകൾ ഉൾപ്പെടെയുള്ള എല്ലാ കുടിശ്ശികകൾക്കും ഈ ഇളവ് ബാധകമാകുമെന്നാണ് മോട്ടോർ വാഹന വകുപ്പ് നൽകുന്ന സൂചന.
പിഴത്തുക വലിയ ബാധ്യതയായതോടെ പലരും നിയമനടപടികൾ ഭയന്ന് മാറിനിൽക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് പിഴ പകുതിയായി കുറച്ച് കുടിശ്ശിക പിരിച്ചെടുക്കാൻ സർക്കാർ ലക്ഷ്യമിടുന്നത്. നിശ്ചിത സമയപരിധിക്കുള്ളിൽ തന്നെ ഈ ആനുകൂല്യം പ്രയോജനപ്പെടുത്തണമെന്ന് അധികൃതർ അറിയിച്ചു.