വാഷിങ്ടൺ: ഇറാനെതിരെ അമേരിക്കയും ഇസ്‌റാഈലും നടത്തുന്ന സൈനിക നടപടിയിൽ തങ്ങൾക്ക് താൽപ്പര്യമില്ലെന്ന് രേഖപ്പെടുത്തി അമേരിക്കൻ ജനതയുടെ നാലിൽ മൂന്ന് പേരും. ആക്രമണം തുടങ്ങി മണിക്കൂറുകൾക്ക് ശേഷം നടത്തിയ ഒരു സർവേയിലാണ് യുദ്ധത്തോട് യുഎസിലെ പൊതുജനങ്ങളുടെ വികാരം പുറത്തുവന്നത്. നടക്കുന്ന ആക്രമണങ്ങളോട് നിരാശാജനകമായാണ് യു.എസ് പൗരന്മാർ പ്രതികരിക്കുന്നത്.
പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടം സംഘർഷത്തിൽ ആദ്യത്തെ യുഎസ് സൈനികർ കൊല്ലപ്പെട്ടതായി പ്രഖ്യാപിക്കുന്നതിന് മുൻപായാണ് റോയിട്ടേഴ്‌സ് ഇപ്‌സോസ് പോൾ സർവേ പുറത്തുവന്നത്. പ്രതികരിച്ചവരിൽ നാലിൽ ഒരാൾ മാത്രമാണ് യുഎസ്-ഇസ്‌റാഈൽ ആക്രമണങ്ങളെ അംഗീകരിച്ചത്.
ട്രംപ് ഭരണകൂടം വരും ദിവസങ്ങളിൽ എങ്ങനെ മുന്നോട്ട് പോകും എന്നതിനെ, ആക്രമണങ്ങളോട് ജനം എങ്ങനെ പ്രതികരിക്കുന്നും എന്നത് സ്വീധീനം ചെലുത്താൻ സാധ്യതയുണ്ടെന്ന് വിദഗ്ദർ പറഞ്ഞു.
ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ യുഎസ്-ഇസ്‌റാഈൽ ആക്രമണത്തിൽ കൊലപ്പെടുത്തിയതിന് ശേഷം, ഇറാന്റെ നേതാക്കൾ ശക്തമായി തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇസ്‌റാഈലിനെതിരെയും യുഎസ് സൈനിക താവളങ്ങൾക്ക് നേരെയും ആക്രമണം തുടരുകയാണ്. നിരവധി യു.എസ് സൈനിക വിമാനങ്ങൾ ഇന്ന് തകർത്തതായി റിപ്പോർട്ടുകളുണ്ട്.